പാലക്കാട്: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന നേതാവ് എ.വി ഗോപിനാഥ് ഒടുവിൽ വഴങ്ങി. ഇന്നു മുതൽ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് േശഷമാണ് അനുനയ നീക്കവുമായി ഉമ്മൻചാണ്ടി പെരിങ്ങോട്ടുകുറിശ്ശിയിലെ എ.വി ഗോപിനാഥിന്‍റെ വീട്ടിലെത്തിയത്.
നേരത്തെ, ഡി.സി.സി ഭാരവാഹിത്വമടക്കം നിരവധി പദവികൾ വഹിച്ചിരുന്ന കോൺഗ്രസ് നേതാവാണ് എ.വി ഗോപിനാഥ്. സ്ഥാനാർഥി നിർണയമടക്കമുള്ള പല കാര്യങ്ങളിലും പാർട്ടി നേതൃത്വവുമായി ഇപ്പോൾ ഉടക്കി നിൽക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരനടക്കമുള്ള നേതാക്കൾ നേരിട്ട് ഇടപെട്ടിട്ടും ഗോപിനാഥ് വഴങ്ങിയിരുന്നില്ല. തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച ഗോപിനാഥ് കോൺഗ്രസ് വിടുമെന്ന സൂചന നൽകിയിരുന്നു.
നേരത്തെ, ഗോപിനാഥുമായി ഉമ്മൻ ചാണ്ടി ഫോണിൽ സംസാരിച്ചിരുന്നെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ പ്രചരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ശേഷമാണ് ഉമ്മൻചാണ്ടി പാലക്കാട്ടുള്ള ഗോപിനാഥിന്‍റെ വീട്ടിലേക്ക് തിരിച്ചത്. ഉമ്മൻചാണ്ടി രാത്രി 12 മണിക്ക് ശേഷമാണ് ഗോപിനാഥിന്‍റെ വീട്ടിലെത്തുന്നത്. 15 മിനിറ്റോളം നീണ്ട ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.