താന്‍ പറഞ്ഞത് കേന്ദ്രം ശരിവെച്ചു –ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: സുരക്ഷാനുമതി നിഷേധിച്ച കമ്പനിയാണ് ഡി ലാ റ്യു എന്ന തന്‍െറ ആരോപണം ധനമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മേക് ഇന്ത്യ പദ്ധതിയിലും ഇന്ത്യ-ബ്രിട്ടന്‍ ടെക് സമ്മേളനത്തിലും ഇതേ കളങ്കിത കമ്പനിയെ എങ്ങനെ പങ്കാളിയാക്കി എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഇനിയും മറുപടി പറഞ്ഞിട്ടില്ളെന്നും എ.ഐ.സി.സി വഴി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കളങ്കിത കമ്പനിയായ ഡി ലാ റ്യുവിനെ കേന്ദ്രസര്‍ക്കാറിന്‍െറ മേക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയാക്കി എന്നതാണ് താന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണം. സുരക്ഷ അനുമതി നിഷേധിച്ചതിനാല്‍ 2014 മുതല്‍ ഈ കമ്പനിക്ക് ഒരു കരാറും നല്‍കിയിട്ടില്ളെന്നാണ് ധനമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നത്. ഡി ലാ റ്യുവുമായി ഒരു ബന്ധവുമില്ളെന്ന് നേരത്തെ നടത്തിയ പ്രസ്താവന ആവര്‍ത്തിച്ചിരിക്കുക മാത്രമാണ് ധനമന്ത്രാലയം.
താന്‍ ഊന്നല്‍ നല്‍കിയത് വാണിജ്യ മന്ത്രാലയത്തിന് കീഴിലെ മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഡി ലാ റ്യു പങ്കാളിയായതിനെ കുറിച്ചാണ്. ഡല്‍ഹിയില്‍ ഓഫിസ് തുറന്നെന്നും വ്യവസായനയ പ്രോത്സാഹന വകുപ്പുമായി തങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുകയാണെന്നുമാണ് കമ്പനി സി.ഇ.ഒ ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടത്. ഇക്കാര്യം ധനകാര്യന്ത്രാലയം നിഷേധിച്ചിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്ത ഇന്ത്യ-യു.കെ സമ്മേളനത്തിന്‍െറ പ്ളാറ്റിനം സ്പോണ്‍സറായിരുന്നു ഡി ലാ റ്യു. ഇത് സംഘടിപ്പിച്ചതാകട്ടെ കേന്ദ്ര ശാസ്ത്ര സാങ്കതേിക വകുപ്പും.
ഇതേക്കുറിച്ചും ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ മൗനം പാലിച്ചിരിക്കുകയാണ്. പ്ളാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കുന്നതിന് ഷോര്‍ട്ട് ലിസറ്റ് ചെയ്ത കമ്പനികളില്‍ ഡി ലാ റ്യുവും ഉണ്ടെന്ന ആരോപണത്തിനും മറുപടിയില്ല.

ഇന്ത്യയില്‍ ഓഫിസ് തുറക്കാന്‍ ഡി ലാ റ്യു അനുമതി തേടിയെന്നും ഇതിന്മേല്‍ ഒരു നടപടിയും എടുത്തിട്ടില്ളെന്നുമാണ് ധനമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നത്.  കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇതേ കമ്പനിക്ക് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 10 ഏക്കര്‍ സ്ഥലം അനുവദിച്ചെന്ന ശിവസേന എം.പി ഹേമന്ത് ഗോദ്സെയുടെ ആരോപണവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കേന്ദ്രവാണിജ്യമന്ത്രാലയവും ശാസ്ത്ര സാങ്കേതിക മന്ത്രാലയവും തുടരുന്ന മൗനം തന്‍െറ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആരോപണം നിഷേധിച്ച് ധനമന്ത്രാലയം

ന്യൂഡല്‍ഹി: കരിമ്പട്ടികയിലുള്ള കമ്പനിക്ക് പ്ളാസ്റ്റിക് നോട്ട് അച്ചടിക്കാനുള്ള കരാര്‍ നല്‍കിയെന്ന ഉമ്മന്‍ ചാണ്ടിയുടെ  ആരോപണം കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായ ഡി ലാ റ്യൂവേ കമ്പനിക്ക് സര്‍ക്കാര്‍  കഴിഞ്ഞ മൂന്നുവര്‍ഷമായി കരാറുകളൊന്നും നല്‍കിയിട്ടില്ല.

2010 വരെ നോട്ട് അച്ചടിക്കാനുള്ള കടലാസ് വിതരണം ചെയ്തത് ഈ കമ്പനിയായിരുന്നു. തുടര്‍ന്നുള്ള കരാറില്‍ സുരക്ഷാവീഴ്ച വരുത്തിയതിനാല്‍  2013ല്‍ കരിമ്പട്ടികയില്‍പെടുത്തി. ശേഷം ഇന്ത്യയില്‍  ഫാക്ടറി തുടങ്ങാന്‍ ഡി ലാ റ്യൂവേ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ വന്‍ കുതിപ്പുണ്ടായതായി കാണിക്കുന്നുണ്ടെങ്കിലും ഡി ലാ റ്യൂവേ ഇന്ത്യയില്‍ നിലവില്‍ ഇല്ളെന്നും മന്ത്രാലയം വിശദീകരിക്കുന്നു.

 

 

Tags:    
News Summary - Oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.