തിരുവനന്തപുരം: സൈബർ അധിക്ഷേപത്തെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ പരാതി നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി മറിയ ഡി.ജി.പിക്ക് നൽകിയ പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻ ഷോട്ടുകളു ഉൾപ്പെടുത്തിയാണ് പരാതി നൽകിയിട്ടുള്ളത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വന്നതിന് പിന്നാലെയാണ് സൈബർ അധിക്ഷേപം നടന്നത്. അധിക്ഷേപത്തിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളെന്ന് മറിയ പരാതിയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.
സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ ഇളയ മകൻ അച്ചു ഉമ്മൻ നേരത്തെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇടത് സംഘടനാ പ്രവര്‍ത്തകനും ഐ.എച്ച്.ആർ.ഡി ജീവനക്കാരനുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ കേസെടുത്ത പൂജപ്പുര പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു.
സെക്രട്ടേറിയറ്റിലെ അഡീഷനല്‍ സെക്രട്ടറി തസ്തികയിൽ നിന്ന് ഒരു വർഷം മുമ്പ് വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുമ്പാണ് ഐ.എച്ച്.ആർ.ഡിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. സർക്കാർ സർവീസിൽ താൽകാലിക നിയമനമാണെങ്കിലും സർവീസ് ചട്ടങ്ങൾ നന്ദകുമാറിനും ബാധകമാണ്. എന്നാൽ, വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെതിരെ വകുപ്പ് തല നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്. സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണവേദികളിലൂടെയും അപമാനിച്ചുവെന്നായിരുന്നു പരാതി. പ്രചരിക്കപ്പെട്ട ഫേസ്ബുക്ക് ലിങ്കുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.