കോട്ടയം: പുതുപ്പള്ളിയിൽ പിതാവിന്‍റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ. വികസനത്തിന്‍റെയും കരുതലിന്‍റെയും തുടർച്ച ഉണ്ടാകും. പുതുപ്പള്ളിയുടെ വികസനത്തിൽ വിഷമിച്ചിരുന്ന ഇടതുപക്ഷ സഹപ്രവർത്തകരോട് നമുക്ക് ഒരുമിച്ച് നീങ്ങാമെന്നാണ് പറയാനുള്ളതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
പുതുപ്പള്ളിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉമ്മൻചാണ്ടിയുടെ സ്വപ്നമായിരുന്നു. ഇൻ പേഷ്യന്‍റ് സൗകര്യമുണ്ടെങ്കിലും ഔട്ട് പേഷ്യന്‍റ് സംവിധാനമില്ല. ആശുപത്രിക്കുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇത് നടപ്പാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ.
ബി.ജെ.പി വോട്ട് നേടിയെന്ന് പറയുന്നവർ സി.പി.എം വോട്ട് ചോർന്നതിനെ കുറിച്ച് ആലോചിക്കണം. ഈ വെല്ലുവിളിയെ യാഥാർഥ്യ ബോധത്തോടെ ഏറ്റെടുക്കുന്നു. വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ ഇടതുപക്ഷത്തിന്‍റെ പിന്തുണ കൂടി വേണം.
മണ്ഡലത്തിൽ ഓഫീസ് സ്ഥാപിക്കാത്തതിൽ ഉമ്മൻചാണ്ടിക്ക് കാഴ്ചപ്പാട് ഉണ്ടായിരിക്കും. ഓഫീസ് സംവിധാനത്തെക്കാളും കാര്യക്ഷമമായാണ് പിതാവ് കാര്യങ്ങൾ നടത്തിയിരുന്നത്. ഓഫീസ് ഇല്ലാത്തതിൽ ആർക്കും പരാതി ഇല്ലായിരുന്നു. ഇതെല്ലാം ചിലരുടെ തെറ്റായ പ്രചരണമാണ്. ഉമ്മൻചാണ്ടി കാണിച്ചു തന്നതാണ് യഥാർഥ പാതയെന്ന് തിരിച്ചറിഞ്ഞെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.