തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ (ഡി.ഇ.ബി) അംഗീകാരം അനിശ്ചിതത്വത്തിലായതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ പ്രതിസന്ധി. ഒാപൺ സർവകലാശാലക്കായി നിയമസഭ പാസാക്കിയ ആക്ടിൽ മറ്റ് സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ പഠനരീതികൾ അവസാനിപ്പിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയതാണ് കുരുക്കായത്.
ഒാപൺ സർവകലാശാല കോഴ്സുകൾക്ക് ഡി.ഇ.ബിയുടെ അംഗീകാരം ഇൗ വർഷം ലഭിച്ചില്ലെങ്കിലും മറ്റ് സർവകലാശാലകളിൽ കോഴ്സ് തുടരാനുള്ള വാതിലാണ് ആക്ടിലെ വ്യവസ്ഥയിലൂടെ സർക്കാർ കൊട്ടിയടച്ചത്. സംസ്ഥാനത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളാണ് െറഗുലർ പഠന സൗകര്യമില്ലാതെ വിവിധ സർവകലാശാലകൾക്ക് കീഴിൽ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിൽ സമാന്തര പഠനം നടത്തുന്നത്.
ആക്ടിലെ വ്യവസ്ഥ കാരണം മറ്റ് സർവകലാശാലകൾക്ക് ഇൗ വർഷം കോഴ്സ് നടത്തണമെങ്കിൽ ഭേദഗതി ആവശ്യമാണ്. ഇതിന് ഒാർഡിനൻസ് കൊണ്ടുവരേണ്ടിവരും. േകരള സർവകലാശാല 2021 -22 വർഷത്തെ കോഴ്സുകൾക്കായി കഴിഞ്ഞ ഒക്ടോബറിൽതന്നെ ഡി.ഇ.ബിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, സമാന്തരപഠനം നടത്തുന്നവരിൽ 60 ശതമാനത്തിലധികം പേർ ആശ്രയിക്കുന്ന കാലിക്കറ്റ് സർവകലാശാല പുതിയ അപേക്ഷ സമർപ്പിച്ചിട്ടില്ല.
കാലിക്കറ്റിനെ ആശ്രയിച്ചിരുന്ന വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ ബിരുദ, ബിരുദാനന്തര പഠനത്തിന് ഇത് വെല്ലുവിളിയായി മാറും. ഒാപൺ സർവകലാശാലയിൽ 20 ഡിഗ്രി കോഴ്സുകളും ഏഴ് പി.ജി കോഴ്സുകളും ആരംഭിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, നിലവിൽ മൂന്ന് സർവകലാശാലകളിലുള്ള 16 ഡിഗ്രി കോഴ്സുകളും 17 പി.ജി കോഴ്സുകളും ഒാപൺ സർവകലാശാല ഏറ്റെടുത്ത് നടത്തണമെന്നായിരുന്നു സർക്കാർ നിയോഗിച്ച സ്പെഷൽ ഒാഫിസർ ഡോ.ജെ. പ്രഭാഷ് സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നത്. പി.ജി കോഴ്സുകൾ ഏഴായി ചുരുങ്ങുന്നത് ഡിഗ്രി പൂർത്തിയാക്കുന്ന പല വിദ്യാർഥികളുടെയും പി.ജി പഠനത്തിന് വിഘാതമായി മാറും.
നിലവിൽ മറ്റ് സർവകലാശാലകളിൽ ലഭിക്കുന്ന പല കോഴ്സുകളും ഒാപൺ സർവകലാശാലയിൽ ഇല്ലാതാകുന്നതും വിദ്യാർഥികൾക്ക് തിരിച്ചടിയാകും.
ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല കോഴ്സുകൾക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ (ഡി.ഇ.ബി) അംഗീകാരം ലഭിക്കാൻ കടമ്പകളേറെ. ഡി.ഇ.ബി നിർദേശിച്ച വ്യവസ്ഥകൾ മിക്കതും നടപ്പാക്കാൻ ഇതുവരെ സർവകലാശാലക്കായിട്ടില്ല. ഒാരോ വിഷയത്തിനും നിശ്ചിത എണ്ണം സ്ഥിരം അധ്യാപകരെ നിയമിക്കണം. കോഴ്സുകളുടെയെല്ലാം പഠനക്കുറിപ്പുകൾ (സ്റ്റഡി മെറ്റീരിയൽ) മുൻകൂട്ടി തയാറാക്കി അംഗീകാരത്തിനായി സമർപ്പിക്കണം.
സർവകലാശാലയുടെ പഠനകേന്ദ്രങ്ങളും മേഖല കേന്ദ്രങ്ങളും ഏതെന്നും അവിടത്തെ സൗകര്യങ്ങളും വ്യക്തമാക്കണം. പഠനകേന്ദ്രങ്ങളുമായി കരാർ ഒപ്പിടണം. ഒാപൺ സർവകലാശാലയിൽ അധ്യാപക തസ്തിക സൃഷ്ടിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല. പഠനക്കുറിപ്പുകൾ തയാറാക്കുന്ന നടപടികൾ പാതിവഴിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.