തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ കോൺഗ്രസിലെ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകും. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർദേശം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചത്.
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. എം.പിമാരുടെയും യുവ എം.എല്‍.എമാരുടെയും ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചത്.
കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. പിണറായി സർക്കാറിനെ മുൾമുനയിൽ നിർത്താൻ ചെന്നിത്തലക്ക് സാധിച്ചെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായ വി.ഡി. സതീശൻ പറവൂരിൽ നിന്നുള്ള നിയുക്ത എം.എൽ.എയാണ്. 2001ലെ കന്നി തെരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവർത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.