ഐ.ജി.എസ്.ടി വിഷയം ചർച്ച ചെയ്യുന്നതിനെ സർക്കാർ ഭയക്കുന്നുവെന്ന് പ്രതിപക്ഷം; നിയമസഭയിൽ ബഹളം, ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: നികുതി ചോർച്ച തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പ്രതിപക്ഷത്ത് നിന്ന് റോജി എം. ജോൺ ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

അർഹതപ്പെട്ട ഐ.ജി.എസ്.ടി വിഹിതം നേടിയെടുക്കാൻ സർക്കാനായില്ലെന്ന് റോജി എം. ജോൺ ആരോപിച്ചു. കോടികണക്കിന് രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നും അംഗം ചൂണ്ടിക്കാട്ടി.

ഗൗരവമുള്ള വിഷയം ചർച്ച ചെയ്യാൻ സർക്കാറിന് താൽപര്യമില്ല എന്നത് വിസ്മയിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരളത്തെ ബാധിക്കുന്ന ഗുരുതര വിഷയമാണിത്. ബജറ്റ് ചർച്ചയിൽ ഐ.ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നു വന്നിട്ടില്ല. 400ലധികം ചോദ്യങ്ങൾ ധനമന്ത്രി മറുപടി നൽകിയിട്ടില്ല. ചർച്ചയെ സർക്കാർ എന്തിനാണ് ഭയക്കുന്നതെന്നും സതീശൻ ചോദിച്ചു.

പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തെ ഭരണപക്ഷം ഭയപ്പെടുന്നുവെന്നും രണ്ട് ദിവസമായി സർക്കാർ നാണംക്കെട്ട് ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നൽകാൻ കഴിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ സഭയെ അറിയിച്ചു. പഴയ വിഷയമാണെന്നും ബജറ്റ് ചർച്ചയിൽ വിഷയം ചർച്ച ചെയ്തിരുന്നതായും സ്പീക്കർ വ്യക്തമാക്കി. വേണമെങ്കിൽ ഒന്നാമത്തെ സബ്മിഷനായി വിഷയം അവതരിപ്പിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.

അതിനിടെ, സഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മൈക്ക് ഓഫ് ചെയ്തത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    
News Summary - Opposition says kerala government is afraid of discussing IGST issue; Uproar in the Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.