നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ 'ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാ'മിന്‍റെ ഭാഗമായി രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാൽ. ഇതിന്‍റെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ആഗസ്റ്റിൽ കമീഷൻ ചെയ്യും.
ഡൽഹി വിമാനത്താവളത്തിലാണ് കഴിഞ്ഞമാസം രാജ്യത്ത് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. കൊച്ചിയിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകൾ എത്തിക്കഴിഞ്ഞു.
നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെന്‍റിലേക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്‍റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫിസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നീണ്ട വരികളിൽ കാത്തുനിൽപ്പ് ഒഴിവാക്കാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല.
സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. യന്ത്രം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻഡാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കൻഡിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്നവിധത്തിലാണ് സജ്ജീകരണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ട്രസ്റ്റഡ് ട്രാവലർ പദ്ധതിയ്ക്ക് രാജ്യത്ത് തന്നെ രണ്ടാമതായി സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. പരമാവധി ഇടങ്ങളിൽ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സിയാൽ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് സമ്മർദമൊന്നുമില്ലാതെ വിമാനത്താവളത്തിലെ വിവിധ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയണം. ഒപ്പം സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ആഭ്യന്തര യാത്രക്കാർക്കായി ഈയിടെ ഏർപ്പെടുത്തിയ ഡിജിയാത്ര ഏറെ വിജയകരമാണെന്നും -സുഹാസ് പറഞ്ഞു.
പ്രതിവർഷം ഒരു കോടി യാത്രക്കാരും 70,000ൽ പരം സർവിസുകളുമുള്ള സിയാൽ രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്ത് നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.