മാരാരിക്കുളം: നിയന്ത്രണംവിട്ട കാര്‍ അടച്ചിട്ട റെയില്‍വേ ക്രോസ് തകര്‍ത്ത് പാളത്തിലേക്ക് ഓടിക്കയറി. ഗേറ്റ് കീറ്റര്‍ അപായ സൂചന നല്കിയപ്പോള് ട്രെയിൻ നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി. കണിച്ചുകുളങ്ങര റെയിൽവേ ക്രോസിൽ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മെമു കടന്നുപോകാന്‍ റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയം കണിച്ചുകുളങ്ങരയില്‍നിന്ന് എത്തിയ കാര്‍ ഗേറ്റിന് സമീപം നിര്‍ത്തി. റോഡ് ഉയര്‍ന്നതിനാല്‍ കാര്‍ പിന്നോട്ട് നീങ്ങി. ഈ സമയം ഡ്രൈവര്‍ കാര്‍ നിര്‍ത്താൻ ചവിട്ടിയത് ആക്സിലറേറ്ററിലായിരുന്നു.
കാര്‍ ഗേറ്റ് ഇടിച്ച് പാളത്തില്‍ എത്തി. ഉടന്‍ ഗേറ്റ് കീപ്പര്‍ നിഷമോള് അപായ സൂചന നല്കിയതിനാല് മെമു ഗേറ്റിന് സമീപം നിര്‍ത്തി. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ഭയന്ന് സ്തംഭിച്ച് ഇരുന്നുപോയി. കാറിെൻറ വരവ് കണ്ട് റെയില്‍വേ പാളത്തിന് ഇരുവശവും നിന്നവര്‍വരെ ഓടിമാറി. നാട്ടുകാര്‍ എത്തി കാര്‍ തള്ളിമാറ്റിയശേഷമാണ് മെമു യാത്ര തുടര്‍ന്നത്.
ഗേറ്റ് തകരാറിലായതിനാല്‍ കണിച്ചുകുളങ്ങര റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. ഉച്ചക്കുശേഷം അറ്റകുറ്റപ്പണി നടത്തി ഗേറ്റ് പൂര്വസ്ഥിതിയിലാക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മാരാരിക്കുളം പൊലീസും റെയില്‍വേ െപാലീസും റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.