കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പൊലീസ് റിപ്പോർട്ട് തള്ളി പരോൾ അനുവദിച്ചതിനെ പിന്തുണച്ച് സി.പി.എം മുതിർന്ന നേതാവ് പി. ജയരാജൻ. കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമെന്ന് പി. ജയരാജൻ ചോദിച്ചു. അർഹതയുണ്ടായിട്ടും സുനിക്ക് ആറ് വർഷമായി പരോൾ അനുവദിച്ചില്ല. കോവിഡ് കാലത്ത് പോലും പരോൾ നൽകിയിരുന്നില്ലെന്നും പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ പുതിയ നിർദേശം ! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന മാഹി സ്വദേശി കൊടിസുനിക്ക് പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസ്സുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാൽ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് മാനുഷിക പരിഗണയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. ഇത് മനോരമയുടെ ഭാഷയിൽ കൊടി കെട്ടിയ മനുഷ്യാവകാശമാണത്രെ.
തടവറകളെക്കുറിച്ച് ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളിൽ മാറ്റം വന്നത് അധികാരത്തിന്റെ രാഷ്ട്രീയ നേതൃത്വം എൽഡിഎഫ് ആണെന്നതിനാൽ മനോരമ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ്; ഈ അടിസ്ഥാനത്തിൽ പ്രമാദമായ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ അവധി അനുവദിച്ചു വരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു.
കോവിഡിൻറെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ല. ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്. ഇടതുപക്ഷം ഭരിക്കുമ്പോൾ മനോരമയുടെ രാഷ്ട്രീയത്തോടൊപ്പം നിൽകാത്തവർക്ക് മനുഷ്യാവകാശം പോലും നൽകരുതെന്ന വാദം, കമ്മ്യൂണിസ്റ്റ്കാർ അധികാരത്തിൽ വന്നാൽ താൻ വിഷം കുടിച്ച് മരിക്കും എന്ന പഴയ മനോരമ പത്രാധിപരുടെ 'ഭീരു' വാദത്തിന്റെ പുതിയ വാദമാണ്.
അതേസമയം, കൊടി സുനിക്ക് പരോൾ അനുവദിച്ചതിനോട് രൂക്ഷമായാണ് ടി.പിയുടെ ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ. രമ പ്രതികരിച്ചത്. എന്ത് മനുഷ്യാവകാശത്തിന്‍റെ പേരിലാണ് ജാമ്യം അനുവദിച്ചതെന്ന് ജയിൽ വകുപ്പ് അധികൃതർ മറുപടി പറയണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. നേരത്തെ തന്നെ ടി.പി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, നടപടി പുറത്തായ സാഹചര്യത്തിലാണ് മരവിപ്പിച്ചത്. നേരത്തെ പരോളിലിറങ്ങിയ സുനിക്കെതിരെ 12ഓളം കേസുകൾ നിലവിലുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത് മാത്രമല്ല, ജയിലിനകത്ത് വെച്ച് ക്വട്ടേഷൻ ഏർപ്പാടുകൾ നടത്തിയതും നാടിനറിയാം. ജയിൽ വകുപ്പിന്‍റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ. രമ വ്യക്തമാക്കി.
പൊലീസ് റിപ്പോർട്ട് തള്ളിയാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചത്. പരോൾ അനുവദിക്കണമെന്ന് അഭ്യർഥിച്ച് സുനിയുടെ മാതാവ് മനുഷ്യാവകാശ കമീഷന് അപേക്ഷ നൽകിയിരുന്നു. കമീഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ജയിൽ ഡി.ജി.പി പരോൾ അനുവദിക്കാൻ തീരുമാനമെടുത്തത്. പരോൾ ലഭിച്ചതോടെ കൊടി സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി.
കൊടി സുനി അടക്കം പ്രതികൾക്ക് മുമ്പും പരോൾ ലഭിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. പരോളിനിടയിലാണ് രണ്ടാം പ്രതി കിർമാണി മനോജിനെ ലഹരി പാർട്ടി നടത്തിയതിന് പിടികൂടിയത്. സ്ഥിരം കുറ്റവാളികൾ, ഇന്ത്യൻ ശിക്ഷ നിയമം 392 മുതൽ 402 വരെയുള്ള വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെട്ടവർ, ബലാത്സംഗക്കേസ് പ്രതികൾ, വധശിക്ഷക്ക് വിധിക്കപ്പെട്ടവർ, അപകടകാരികളായ തടവുകാർ, ഗുരുതര ജയിൽ നിയമലംഘനം നടത്തിയവർ, മാനസിക പ്രശ്നമുള്ളതും പകർച്ചവ്യാധിയുള്ളതുമായ തടവുകാർ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ എന്നിവർക്ക് പരോൾ അനുവദിക്കരുതെന്നാണ് നിയമം.
ടി.പി കേസിലെ പ്രതികൾക്ക് ഇത് പാലിക്കാതെ പരോൾ അനുവദിച്ചെന്ന ആക്ഷേപമുയർന്നെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു. ഒരു പരോളിനു ശേഷം രണ്ടുമാസം പിന്നിട്ടപ്പോൾ വീണ്ടും സുനിക്ക് പരോൾ അനുവദിച്ചു. 2019ൽ പരോളിനിടെ, യുവാവിനെ റിസോർട്ടിൽ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കൊടി സുനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിയ്യൂർ ജയിലിൽ കൊടി സുനിയുടെ കൈയിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചതടക്കം സംഭവങ്ങളുമുണ്ടായി.
ശിക്ഷ ഇളവില്ലാതെ ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെ വിട്ടയക്കാന്‍ നടത്തിയ നീക്കം വിവാദമായിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളി ശിക്ഷ വര്‍ധിപ്പിച്ച ഹൈകോടതി 20 വര്‍ഷം വരെ ശിക്ഷ ഇളവ് പാടില്ലെന്ന് വിധിച്ചു. ഇത് അവഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള പട്ടികയില്‍ ടി.പി കേസ് പ്രതികളെയും ഉൾപ്പെടുത്തി. വിഷയം നിയമസഭയിലെത്തുമെന്ന് കണ്ട് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർക്കാർ തടിയൂരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.