കണ്ണൂർ: ഷുഹൈബ് വധത്തിൽ ആകാശ് തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ തില്ലങ്കേരി ടൗണിൽ തിങ്കളാഴ്ച സി.പി.എം നടത്തുന്ന വിശദീകരണ യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ല സെക്രട്ടറിയുമായ പി. ജയരാജനും പങ്കെടുക്കും. ആകാശ് തില്ലങ്കേരിയുടെയും സംഘത്തിന്റെയും പ്രിയങ്കരനായ നേതാവാണ് പി. ജയരാജൻ. ഇദ്ദേഹത്തിന്റെ കൂടി പേര് ഉൾപ്പെടുത്തി സി.പി.എം പുതിയ പോസ്റ്റർ പുറത്തിറക്കി.
ജില്ല സെക്രട്ടറി എം.വി. ജയരാജനെ ഉൾപ്പെടുത്തിയായിരുന്നു നേരത്തെ പോസ്റ്റർ ഇറക്കിയിരുന്നത്. ആകാശ് തില്ലങ്കേരിയുമായി അടുപ്പമുണ്ടായിരുന്ന ആളെന്ന നിലക്കാണ് പി. ജയരാജനെ സംസ്ഥാന നേതൃത്വം നിർദേശിച്ചതെന്നാണ് വിവരം. ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുകയാണ് വിശദീകരണ യോഗത്തിന്റെ ലക്ഷ്യം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തില്ലങ്കേരി ടൗണിലാണ് യോഗം.
അതിനിടെ സോഷ്യൽമീഡിയയിലൂടെ കത്തിപ്പടർന വിവാദങ്ങൾക്ക് വിശദീകരണവുമായി ആകാശ് തില്ലങ്കേരിയും സംഘവും രംഗത്തെത്തി. ‘തില്ലങ്കേരി സഖാക്കൾ കണ്ണൂർ’ എന്ന ഫേസ്ബുക് പേജിലൂടെയാണ് തങ്ങളുടെ ഭാഗം വിശദീകരിക്കുന്നത്. ആകാശ് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
മന്ത്രി എം.ബി രാജേഷിന്റെ ഡ്രൈവറായ അനൂപ് തില്ലങ്കേരിയുടെ ഭാര്യ ശ്രീലക്ഷ്മി 6 ദിവസം തുടർച്ചയായി തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് ഇവർ പറയുന്നു. തന്റെ മൂന്നുവയസ്സുള്ള കുട്ടിയെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ട ആകാശിന്റെ കൂട്ടാളിയായ ജയപ്രകാശ് ഉൾപ്പടെയുള്ളവർക്കെതിരെയായിരുന്നു ശ്രീലക്ഷ്മിയുടെ ആരോപണങ്ങൾ. എന്നാൽ, ജയപ്രകാശ് ഇക്കാര്യത്തിൽ പ്രശ്നപരിഹാരത്തിന് പാർട്ടിയെ സമീപിച്ചെന്നും പാർട്ടി പറഞ്ഞിട്ടും അടങ്ങാത്തതിനാലാണ് 7ാം ദിവസം വന്ന പോസ്റ്റുകളിൽ എതിർ പക്ഷം പ്രതികരിച്ചതെന്നും ‘തില്ലങ്കേരി സഖാക്കൾ’ പറയുന്നു.
തില്ലങ്കേരിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സോഷ്യൽ മീഡിയ ഏറ്റുമുട്ടൽ വിവാദത്തിന്റെ വിശദാംശങ്ങൾ ഇങ്ങിനെയാണ്..
ആ നാട്ടിലെ രണ്ടു വ്യക്തികൾ തമ്മിൽ സോഷ്യൽ മീഡിയയിൽ അനാരോഗ്യകരമായ ഒരു തർക്കം ഉടലെടുക്കുന്നു...
ജയപ്രകാശിന്റെ ഉറ്റ സുഹൃത്തായ നിവേദ് എന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ജയപ്രകാശുമായുള്ള ബന്ധം വെടിയണമെന്ന ഉപദേശവുമായ് ശ്രീലക്ഷ്മി സമീപിക്കുന്നു..
അതിന്റെ പശ്ചാത്തലത്തിൽ ജയപ്രകാശ് ഫേസ്ബുക്ക് പോസ്റ്റിൽ ഇതിനെതിരെ പരിഹാസപരമായ് പ്രതികരിക്കുന്നു....ശ്രീലക്ഷ്മിയുടെ മകളുടെ പേരിലൊരു പരാമർശ്ശം അതിൽ ഉൾപ്പെടുന്നു..
ശ്രീലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ അതിന് മറുപടിയായ് അതിവൈകാരികമായി പ്രതികരിക്കുന്നു..
ആറോളം പോസ്റ്റുകൾ തുടർക്കഥ പോലെ ദിനം പ്രതി ശ്രീലക്ഷ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു..DYFI മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി അംഗമായ വിനീത് തെളുപ്പ് , ജില്ലാകമ്മിറ്റി മെമ്പറും ബ്ലോക്ക് സെക്രട്ടറിയുമായ സരീഷ് പൂമരം, ശൈലജ ടീച്ചറുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ത്, മേഖല സെക്രട്ടറിയായിരുന്ന വിനീഷ് ചേലെരി, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റും LC മെമ്പറും ആയ പി.കെ ശ്രീമതിയും ,ശ്രീലക്ഷ്മിയുടെ ഭർത്താവും മന്ത്രി എംപി രാജേഷിന്റെ ഡ്രൈവറുമായ അനൂപ് തില്ലങ്കേരി, തുടങ്ങിയവർ പിന്തുണയും പ്രോത്സാഹനവും നൽകുന്നു..
ആറ് പോസ്റ്റുകൾ വരുമ്പോഴും യഥാസമയം ജയപ്രകാശ് കാര്യം പാർട്ടിയെ ധരിപ്പിക്കുന്നു..ഉത്തരവാദിത്വപെട്ടവർ ശ്രീലക്ഷ്മിയെ ബന്ധപെട്ടപ്പോൾ പിന്മാറാൻ തയ്യാറല്ലെന്ന് അറിയിക്കുന്നു..
ശ്രീലക്ഷ്മിയെ നേരിട്ട് കണ്ട് സംസാരിച്ചിട്ടും സമവായ തീരുമാനം ആയില്ലെന്ന് ലോക്കൽ സെക്രട്ടറി കെ.എ ഷാജി ജയപ്രകാശിനെ അറിയിക്കുന്നു..
ജയപ്രകാശിന്റെ അവിഹിതവും കുത്സിതവും ഒക്കെ ഞങ്ങൾക്കറിയാം ഇപ്പോൾ വെളിപ്പെടുത്തുമെന്ന നിലയിലുള്ള ധ്വനിയും പ്രതീതിയും നിലനിർത്തികൊണ്ട് തന്നെ ഏഴാമത്തെ അപവാദ പോസ്റ്റുമായ് ഏഴാം ദിവസവും ശ്രീലക്ഷ്മി മുന്നോട്ട് വരുന്നു..
മേൽപ്പറഞ്ഞ ഉത്തരവാദിത്വപെട്ട കേന്ദ്രങ്ങൾ വളരെ മ്ലേച്ചമായ ഭാഷയിൽ ജയപ്രകാശിനേയും കൂടെയുള്ളവരേയും അവരുടെ കുടുംബങ്ങളേയും അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റുകളിൽ കമന്റുകളുമായ് വീണ്ടും അവതരിക്കുന്നു..
പാർട്ടിയോട് പറഞ്ഞിട്ടും പ്രശ്ന പരിഹാരം സാധ്യമാകാത്ത സാഹചര്യത്തിൽ അതുവരെ മൗനംപാലിച്ച് നിന്ന ജയപ്രകാശ് പരസ്യമായ് പ്രതികരിക്കാൻ നിർബന്ധിതനാവുന്നു..ആത്മാഭിമാനം എന്നത് എല്ലാ മനുഷ്യർക്കും വിലപെട്ടത് തന്നെയാണല്ലോ..
ശ്രീലക്ഷ്മിയും കൂട്ടരും അതുവരെ തെറിവിളിച്ചപ്പോൾ നിശബ്ദരായ് നിന്നിരുന്ന ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ളവർ തെറിവാക്കുകളുമായ് ശ്രീലക്ഷ്മി ഉപയോഗിച്ച ഭാഷയിൽ അതേ നാണയത്തിൽ മറുപടിയുമായ് ജയപ്രകാശിന്റെ പ്രതികരണ പോസ്റ്റുകളിൽ തിരിച്ചടിക്കുന്നു..
മാന്യതയുടെ എല്ലാ സീമകളും അതിർവരമ്പുകളും തെറ്റിച്ച് ഉത്തരവാദിത്വപെട്ടവരും പാർട്ടി പരസ്യമായ് തള്ളിപ്പറഞ്ഞവരും തമ്മിൽ ഏറ്റുമുട്ടുന്നു..
കലാപസമാനമായ സാഹചര്യത്തിൽ ചേരി തിരിഞ്ഞ് പോരാടുമ്പോൾ മുതിർന്ന സഖാക്കൾ ഇടപെടുന്നു..ഉത്തരവാദിത്വപെട്ടവർക്ക് താക്കീത് നൽകുന്നതോട്കൂടി അവർ പരസ്യമായ പോർവിളികളിൽ നിന്ന് പിൻവാങ്ങുന്നു..
പ്രോത്സാഹനങ്ങളും പിന്തുണയുമായ് ഉത്തേജനം നൽകിയവർ കളമൊഴിഞ്ഞപ്പോൾ ഒറ്റപെട്ടുപോയ ശ്രീലക്ഷ്മി മാസങ്ങൾക്ക് മുമ്പ് വിവാദമായ ട്രോഫി കൈമാറ്റത്തിന്റെ ചർച്ചകളും സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് ഇതുകൊണ്ടാൺ താൻ ആക്രമിക്കപെട്ടതെന്ന അവകാശവാദവുമായ് മുന്നോട്ട് വരുന്നു..അതിന് കീഴെയും ശ്രീലക്ഷ്മി നോവിച്ച് വിട്ടവർ അതേഭാഷയിൽ തെറിവിളികളുമായ് മുന്നോട്ട് വരുന്നു..മുമ്പ് തെറിവിളിച്ച് പോസ്റ്റ് ചെയ്ത കമന്റുകളും പോസ്റ്റുകളും പിൻവലിച്ചിട്ടാണ് ശ്രീലക്ഷ്മിയുടെ ഈ ഇരവാദമെന്ന് ഓർക്കണം...മാധ്യമങ്ങൾ മറന്നുതുടങ്ങിയ ട്രോഫി വിവാദം വീണ്ടും ലൈവായ് നിലനിർത്തുന്നു..
കാര്യമറിയാതെ കാഴ്ച്ചക്കാർ ഈ പോസ്റ്റോടു കൂടി ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ളവർ ഉപയോഗിച്ച ഭാഷയുടെ പേരിൽ അതിവൈകാരികമായ് പ്രതികരിക്കുന്നു..പാർട്ടിയിടപെട്ട് അടക്കിനിർത്തിയ വിഷയത്തിൽ ശ്രീലക്ഷ്മിയുടെ പോസ്റ്റോട്കൂടി ചർച്ചകളുമായ് ട്രോഫി വിവാദം ഉൾപ്പടെ പൊങ്ങി വരുന്നു..
ശ്രീലക്ഷ്മി ഉപയോഗിച്ച ഭാഷയേയും അതേ ഭാഷയിൽ പ്രതികരിച്ച എതിർ ചേരിയിലെ ആളുകളുടെ പ്രവർത്തിയേയും ഒരുതരത്തിലും പിന്തുണക്കുന്നില്ല..അതേയവസരം ആറ് ദിവസം പാർട്ടിയോട് പരാതിപറഞ്ഞ് സംയമനം പാലിച്ച് നിന്നവരുടെ നിസ്സഹായവസ്ഥയും നിങ്ങളൊക്കെ മാനിക്കണം..പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് ഉത്തരവാദിത്വപെട്ട കോണിൽ നിന്ന് അവസാന അറിയിപ്പ് കിട്ടിയപ്പോൾ ആണ് അവരൊക്കെ പ്രതികരിച്ചത്..ഭരണിപാട്ടുമായ് കളം നിറഞ്ഞ് നിന്ന ശ്രീലക്ഷ്മി അതൊക്കെ ഡിലീറ്റ് ചെയ്ത് സൈബർ അറ്റാക്കിന്റെ ഇരയായ് നിഷ്കളങ്കത ചമയുന്നു...
ജനാധിപത്യ- പരിഷ്കൃത സമൂഹത്തിന് അപമാനമാവും വിധം തന്നെയാണ് ഇവിടെ രണ്ടുകൂട്ടരും തമ്മിൽ തല്ലിയതെന്ന് തർക്കമില്ലാത്ത കാര്യമാണ്..നിഷേദിക്കുന്നില്ല...കേവലം രണ്ട് വ്യക്തികൾ തമ്മിൽ ഉള്ള തർക്കം പരസ്പരം ചേരിതിരിഞ്ഞുള്ള പോരിലേക്ക് നയിച്ചത് ഉത്തരവാദിത്വപെട്ട യുവജന നേതാക്കളുടെ അനാവശ്യമായ പ്രകോപനവും തെറിവിളിയും ആണെന്ന വസ്ഥുത ജനങ്ങൾ മനസ്സിലാക്കണം..
ഈ വ്യക്തികൾ തമ്മിലുള്ള നിസ്സാരമായ തർക്കത്തിൽ ഭാഗവാക്കാകാതെ നിന്നവരെ വരെ ശ്രീലക്ഷ്മിയും കൂട്ടരും കമന്റുകളിലൂടെ ആക്രമിക്കുന്നു.. അണമുട്ടിയപ്പോൾ ശ്രീലക്ഷ്മി ഉപയോഗിച്ച അതേ ഭാഷയിൽ ഏഴാം ദിവസമായ ഇന്നലെ മുതലാണ് അവർ പ്രതികരിച്ച് തുടങ്ങിയത്..ഡിലീറ്റ് ചെയ്തില്ലെങ്കിൽ ശ്രീലക്ഷ്മിയുടെ പോസ്റ്റിലെ കമന്റുകളിലേക്ക് നിങ്ങൾക്ക് കണ്ണോടിച്ചാൽ ഇത് മനസ്സിലാകും..
ഈ വിവാദങ്ങൾക്കിടയിൽ സരീഷ് പൂമരവും വിനീഷ് ചേലേരിയും ആകാശിന്റെ വീട്ടുകാരെയുൾപ്പടെ ധ്വനിപ്പിച്ച് അപക്വമായ് ഇട്ട പോസ്റ്റിൽ ആകാശ് തില്ലങ്കേരി നൽകിയ മറുപടി പാർട്ടിക്കെതിരെ വലിയ തലകെട്ടോടെ മാധ്യമങ്ങൾക്ക് മുന്നിൽ വിഭവമാവുന്നു..
തില്ലങ്കേരിയെന്ന രക്തസാക്ഷിത്വ പൈതൃകം പേറുന്ന നല്ലൊരു നാട്ടിൽ നിന്നുമാണ് ഇതൊക്കെ ഉണ്ടാവുന്നത് എന്നതിൽ ഞങ്ങൾക്കും അതിയായ വിഷമം ഉണ്ട്.. ഇത്തരം സാഹചര്യത്തിലേക്ക് അവരെയൊക്കെ കൊണ്ടെത്തിച്ചത് പാർട്ടിയുടെ ഔദ്യോഗിക പക്ഷത്തുള്ള ചിലരുടെ പ്രകോപനമാണെന്ന ഉറച്ച ബോധ്യവും ജനങ്ങൾക്കുണ്ടാവണം..അരാജകത്വ സംഘങ്ങളായ് ഒരു കൂട്ടരെ മാത്രം ചാപ്പകുത്തി മറ്റൊരു പക്ഷത്തെ വെള്ളപൂശുന്ന പ്രവണതയിൽ നിന്ന് ഇത്തവണയെങ്കിലും ബന്ധപെട്ടവർ ഒഴിഞ്ഞുമാറണം..പാർട്ടി തള്ളിപറഞ്ഞവരേക്കാൾ ഇത്തരം വിഷയങ്ങളിൽ ജാഗൃതയും അച്ചടക്കവും കാണിക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വപെട്ടവരുടെ ബാധ്യതയാണ്..
ഇതിൽ ഒരു പക്ഷത്തെ മാത്രം കുറ്റക്കാരാക്കി നിങ്ങൾ ഇറക്കുന്ന ഔദ്യോഗികമായ പ്രസ്ഥാവന തെറ്റിധാരണകൊണ്ടാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം..അല്ലെങ്കിൽ സരീഷ് പൂമരത്തെയും വിനീഷ് ചേലേരിയേയും ഇപ്പഴും സംരക്ഷിക്കുന്ന സംഘടനയുടെ ഉൾപാർട്ടി ജനാധിപത്യത്തോട് സഹതാപത്തിൽ കവിഞ്ഞൊരു വികാരവും ഞങ്ങളിൽ അനുഭവപെടില്ല..
സംഘടനയുടെ ഔദ്യോഗിക പക്ഷം വികാരത്തെ മുന്നിർത്തി പ്രതികരിക്കുമ്പോൾ അവരുടെ ഘടകങ്ങൾക്കുള്ളിലെങ്കിലും അതിനെ വിവേകപരമായും വിമർശ്ശനാത്മകമായും ചോദ്യം ചെയ്യണം..
പാർട്ടി പുറത്താക്കിയവരേയും അവരെ വർഗ്ഗശത്രുവിനെപോലെ കണ്ട് പിന്തുടർന്ന് പകപോക്കുന്ന മേൽപ്പറഞ്ഞ യുവനേതാക്കളേയും കാണുകയും വിലയിരുത്തുകയും ഉൾകൊള്ളുകയും ചെയ്യുന്ന ഒരു സമൂഹം അംഗബലത്തിൽ ഒട്ടുംകുറവല്ലാതെ തില്ലങ്കേരിയിലുണ്ട്..പുറത്താക്കിയവരുടെ ചേരിയിലും വ്യക്തിപരമായ് പകപോക്കുന്നവരുടെ ചേരിയിലും പെടാത്ത പാർട്ടിയെ ജീവവായുവായ് കാണുന്ന ഒരുകൂട്ടം സഖാക്കളുടെ മുന്നിൽ നിങ്ങൾ കണ്ണടച്ച് ഇരുട്ട് പടർത്താൻ പാഴ്ശ്രമം നടത്തരുത്...
ഒരുകാലത്ത് പാർട്ടിയുടെ ഉയിരും ഉശിരും ആയിരുന്നവർക്ക് ചുവട് പിഴച്ചെന്ന വിഷമകരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാവാം പാർട്ടി തന്റേടത്തോടെ അവരെ തള്ളിപറഞ്ഞതും മാറ്റി നിർത്തിയതും..എന്നുകരുതി അവർ പാർട്ടിക്കൊപ്പം പാർട്ടിയായ് നിന്നകാലത്തവർ വീഴ്ത്തിയ വിയർപ്പും ത്യജിച്ച ത്യാഗവും ഞങ്ങളുടെ മനസ്സിൽ അപ്രസക്തമാവുന്നില്ല..അത് നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല..തെറ്റു തിരുത്തി തിരികെ വരാനുള്ള അച്ചടക്ക നടപടികളും രാഷ്ട്രീയ വിമർശ്ശനങ്ങളും ഒക്കെ വളരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയാണ്..
നടപടിയെടുത്തെന്ന് കരുതി എല്ലാകാലത്തും അവരെ കളങ്കിതനെന്ന ചാപ്പകുത്തി തെറ്റുതിരുത്താനുള്ള അവസരം പോലും നിഷേദിച്ച് ആട്ടിയകറ്റുന്നത് പാർട്ടിരീതിയല്ലെന്ന് മേല്പറഞ്ഞ നേതാക്കൾക്ക് തിരിച്ചറിവുണ്ടാവണം.. നിങ്ങളെത്ര അകറ്റിനിർത്തിയാലും മാറിനിന്ന് നിർവീര്യമായ് നിൽക്കുകയല്ലാതെ എതിർപാളയത്തോട് സമരസപ്പെടുന്നവരല്ല അവരെന്ന സത്യം മനസിലാക്കുക..ലക്ഷ്യം അതാണെങ്കിൽ..
സോഷ്യൽ മീഡിയയുടെ ഹുങ്കും വീരാളിപട്ടും ഭ്രമിപ്പിക്കാതെ മണ്ണിലിറങ്ങി പണിയെടുത്ത് പാർട്ടി വളർത്തുന്ന കരുത്തുറ്റ നട്ടെല്ലുള്ള പാർട്ടി നേതൃത്വം ഇവിടെയുള്ളിടത്തോളം കാലം നിങ്ങൾ ഉദ്ദേശിക്കുന്ന നിലയിലേക്ക് അവരെ തനിച്ചാക്കി വിടക്കാക്കാൻ ആവില്ല എന്ന് വിശ്വാസമുണ്ട്..
ലൈക്കിന്റെ പേരിലും ഈഗോയുടെ പേരിലും പാർട്ടി നടപടി എടുത്തവരെ വർഗ്ഗശത്രുവായ് കണ്ട് നിരന്തരമവരെ കടന്നാക്രമിക്കുമ്പോൾ നിങ്ങൾ കാണിക്കാത്ത വിവേകം അവർ കാണിക്കുമെന്ന് നിങ്ങൾ നിർബന്ധം പിടിക്കരുത്..
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായ് ഒരിക്കൽ പാർട്ടി പുറത്താക്കിയവർ തിരികെ പാർട്ടിയിലെത്തുവരെ ആ അച്ചടക്ക നടപടിക്ക് വിദേയപെട്ടയാളായ്തന്നെയാണ് ഞങ്ങൾ വിലയിരുത്തുന്നത്...
പാർട്ടിയുടെ ചട്ടക്കൂടിന് പുറത്ത് പാർട്ടി നിയന്ത്രണമില്ലാത്ത അത്തരക്കാർ ചെയ്യുന്ന പ്രവർത്തികൾക്ക് ഒക്കെയും പാർട്ടി അടിക്കടി പാർട്ടിയുമായ് ബന്ധമില്ലെന്ന് പ്രസ്ഥാവന ഇറക്കേണ്ടിവരുന്നത് വിരോദാഭാസം അല്ലാതെന്ത്..
ഒന്നിക്കിൽ നിങ്ങൾ അവരെ വിളിച്ചിരുത്തി പാർട്ടിയോട് ചേർന്ന് നിന്ന് തെറ്റുതിരുത്തി തിരിച്ച് വരാനുള്ള ചർച്ചകൾക്ക് വേദിയൊരുക്കുക..പാർട്ടിയുടെ കർക്കശ്ശമായ രീതിയിൽ തന്നെ..അല്ലെങ്കിൽ പണ്ടെങ്ങോ പുറംതള്ളപെട്ടവർ ചെയ്യുന്ന കാര്യങ്ങൾക്ക് പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന അടിയുറച്ച ബോധ്യത്തിന്റെ പിൻബലത്തിൽ മാധ്യമങ്ങൾ നിർമിച്ചെടുക്കുന്ന വാർത്തകളെ അർഹിക്കുന്ന അവഞ്ജതയോടെ അവഗണിക്കുക..മാധ്യമങ്ങൾ ഇവരുടെ പേരുകൾ ചേർത്ത് പാർട്ടിക്കെതിരായ് വാർത്ത ചമയുമ്പോൾ മാധ്യമവേട്ട ഭയന്ന് അടിക്കടി കളങ്കിതനെന്ന് പ്രസ്ഥാവന ഇറക്കുന്നതിൽ നിങ്ങൾക്കൊരു ശരികേടും തോനുന്നില്ലേ...കുറഞ്ഞപക്ഷം നാട്ടിലെ ചില യുവനേതാക്കളോടെങ്കിലും അനാവശ്യമായ് അവരുടെ ആണ്ണാക്കിൽ കോലിട്ട് കുത്താതിരിക്കാൻ പറയുക..
രക്തസാക്ഷി കുടുംബത്തെ അപമാനിച്ചെന്ന നിലയിൽ ഉള്ള DYFI ജില്ലാകമ്മിറ്റിയുടെ പ്രസ്ഥാവനയിലെ പരാമർശ്ശത്തോട് ബഹുമാനപൂർവ്വം വിയോജിപ്പ് രേഖപെടുത്തുന്നു..
പാർട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളോടും പാർട്ടിക്ക് വേണ്ടി ജയിലറ തൂകിയ പോരാളികളോടും തന്നെയാണ് ഞങ്ങൾ തില്ലങ്കേരിക്കാർ എന്നും ഉന്നതമായ ആരാദനയും സ്നേഹവായ്പ്പും കരുതി വെക്കുന്നത്..അതിനെ കവച്ചുവച്ച് കൊണ്ട് ഒരു വൈകാരിതയും ഞങ്ങളുടെ ഉള്ളുലച്ചിട്ടില്ല..
രക്തസാക്ഷി കുടുംബത്തിലെ അംഗമായ പ്രസ്ഥുത വ്യക്തിയായ രാഗിന്ത് നടത്തിയ പരാമർശ്ശങ്ങളുടെ സ്ക്രീൻഷോട്ട് ചുവടെയുണ്ട്..രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായുള്ള കൊലപാതക കേസിൽ കള്ളക്കേസ് ചുമത്തി പ്രതിചേർക്കപെട്ട വ്യക്തിയുടെ ഭാര്യയെ എത്ര നീജമായും മ്ലേച്ഛമായുമാണ് രാഗിന്ത് ചിത്രീകരിച്ചിട്ടുള്ളതെന്ന് നോക്കൂ..ജയിലറ പുൽകിയ സഖാവിന്റെ ഭാര്യയെവരെ അപമാനിച്ച രാഗിന്തിന്റെ പ്രവർത്തിയാണ് രക്തസാക്ഷി കുടുംബത്തിന്റെ മഹത്വത്തിന് മംഗലേൽപ്പിച്ചത്..പബ്ലിക് പ്ലാറ്റ്ഫോമിൽ ഒരു വ്യക്തിക്കെതിരേയും പറയാൻ പാടില്ലാത്തത് പറഞ്ഞതുകൊണ്ടാണ് രാഗിന്തിന്റെ ചരിത്രവും മറ്റുള്ളവർക്ക് ചികയേണ്ടി വന്നത്..രക്തസാക്ഷികളെ അപമാനിച്ചെന്ന് പറഞ്ഞ് വൈകാരികതയുടെ മാനം പണിയാൻ നിങ്ങൾ പ്രസ്ഥാവന ഇറക്കുമ്പോൾ, രാഗിന്ത് കാരണം മുറിവേറ്റ മറ്റൊരു അടിയുറച്ച പാർട്ടി കുടുംബത്തിന്റെ ആത്മാഭിമാനത്തോടാണ് നിങ്ങൾ കൊഞ്ഞനം കുത്തുന്നത്..
പാർട്ടി പറഞ്ഞിട്ടും പിന്തിരിയാൻ തയ്യാറാവാത്ത ഔദ്യോഗികപക്ഷത്തെ വെള്ളപൂശിയും,അതിൽ ഏറ്റവും വലിയ ചെറ്റത്തരം പറഞ്ഞ രാഗിന്തിനെ രക്തസാക്ഷിത്വത്തിന്റെ മേലങ്കി പുതപ്പിച്ച് വൈകാരികവൽക്കരിച്ചും നിങ്ങൾ പ്രസ്ഥാവന ഇറക്കിയതുകൊണ്ട് ഇവിടെ ഒരു ആകാശവും ഇടിഞ്ഞുവീഴില്ല..രാഗിന്തും സരീഷും ഉൾപ്പടെയുള്ള യുവനേതാക്കൾക്ക് പിശക് പറ്റിയില്ലെന്ന് നെഞ്ചത്ത് കൈവച്ചുകൊണ്ട് നിങ്ങൾക്ക് പറയാൻ കഴിയുമോ..
നിങ്ങൾക്കതിന് കഴിയുമെങ്കിൽ അവരോട് ഏറ്റുമുട്ടിയ പാർട്ടി തള്ളിയ പക്ഷത്തിന് 7 ദിവസത്തിന്റെ ക്ഷമക്കിപ്പുറം സംഭവിച്ച പിശകിനെ ഉൾകൊണ്ടുതന്നെ അവരെ ഞങ്ങളും ചേർത്തുപിടിക്കുന്നു..തെറ്റുതിരുത്തി അവരൊക്കെ പഴയതിലും തെളിമയോടെ നല്ല മനുഷ്യരായ് ഇവിടെ ജീവിക്കട്ടെ...
എന്ന് പാർട്ടിയെ സ്നേഹിക്കുന്ന തില്ലങ്കേരിയിലെ ഒരുകൂട്ടം സഖാക്കൾ..
(ഒരാഴ്ചയോളം തുടർക്കഥ പോലെ ദിനം പ്രതി പോസ്റ്റിട്ട് ജയപ്രകാശ് എന്ന വ്യക്തിയെ പബ്ലിക് പ്ലാറ്റ്ഫോമിൽ അപകീർത്തിപെടുത്തി പോസ്റ്റിടുകയും,അനാവശ്യ പ്രകോപനങ്ങളുമായ് കമന്റുകളിൽ തെറിയഭിഷേകം നടത്തുകയും ചെയ്ത ശ്രീലക്ഷ്മി ഡിലീറ്റ് ചെയ്ത പോസ്റ്റിലെ കമന്റുകൾ ചുവടെ കൊടുക്കുന്നുണ്ട്..6 ദിവസം തുടർച്ചയായ് പോസ്റ്റുകൾ വരുമ്പോഴും ജയപ്രകാശ് ഉൾപ്പടെയുള്ളവർ പ്രശ്നപരിഹാരത്തിന് പാർട്ടിയെ സമീപിക്കുകയാണ് ചെയ്തത്..പാർട്ടി പറഞ്ഞിട്ടും അടങ്ങുന്നില്ലെന്ന് പറഞ്ഞതിന് ശേഷം 7ആം ദിവസം വന്ന പോസ്റ്റുകളിലാണ് എതിർ പക്ഷം പ്രതികരിച്ചത് എന്നതും നിങ്ങൾ വിലയിരുത്തണം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.