കൊച്ചി: സഹകരണ പ്രസ്ഥാനങ്ങൾ സുത്യർഹമായ രീതിയിലാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഏലൂക്കര-കയന്റിക്കര ശാഖാമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചുക്കുകയായിരുന്നു അദ്ദേഹം.
മികച്ച പ്രവർത്തനങ്ങളാൽ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് നല്ല ട്രാക്ക് റെക്കോർഡ് ആണ് കാഴ്ചവയ്ക്കുന്നത്. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി വിജയിക്കുന്നതിൽ സഹകരണ ബാങ്കുകൾ നല്ല പങ്കു വഹിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷികോത്സവം നാടിന്റെ ഉത്സവമായാണ് ജനങ്ങൾ ആഘോഷിച്ചത്. ബാങ്കുകളുടെ കീഴിൽ കർഷകരുടെ സ്വയം സഹായ സംഘങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കർഷകർക്ക് സഹകരണ ബാങ്കുകൾ നൽകുന്ന പിൻബലം ചെറുതല്ലെന്ന് മന്ത്രി പറഞ്ഞു.
തരിശ് ഭൂമിയിൽ നെൽകൃഷി ചെയ്യുന്നതിൽ കടുങ്ങല്ലൂർ പഞ്ചായത്ത് റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. ഒക്ടോബറിൽ കേരളത്തിലെ ഏറ്റവും വലിയ ഫുഡ് പ്രോസസിംഗ് പാർക്കിന് കളമശ്ശേരിയിൽ തറക്കല്ലിടും. ഫുഡ് പ്രോസസിംഗ് പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല മൂല്യം ലഭ്യമാകും.
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ട് എല്ലാ ബാങ്കുകൾക്കും രണ്ട് കോടി രൂപയുടെ ഫണ്ട് അനുവദിക്കുന്നുണ്ട്. നിലവിൽ മൂന്ന് ബാങ്കുകൾ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ബയോ ലാബും വെയർഹൗസും ഏറ്റവും വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കട്ടെയെന്നും ശിലാസ്ഥാപനം നിർവഹിച്ച പുതിയ ശാഖ മന്ദിരം ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.കെ സജീവ് അധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി രവീന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ സലിം, പഞ്ചായത്ത് അംഗം എം.കെ ബാബു, ബാങ്ക് വൈസ് പ്രസിഡന്റ് പി. ഇ ഇസ്മായിൽ, സെക്രട്ടറി എൻ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.