കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നൈപുണ്യ വികസന ഹബ് സ്ഥാപിക്കുമെന്ന് പി.രാജീവ്

കൊച്ചി : തൊഴില്‍ നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നൈപുണ്യ വികസന ഹബ്ബ് സ്ഥാപിക്കുമെന്ന് മന്ത്രി പി.രാജീവ്. യുവാക്കള്‍ക്ക് തൊഴില്‍ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തില്‍ നടത്തിവരുന്ന സ്‌കൈ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി ഗവ. ഐ.ടി.ഐയില്‍ നടന്ന പ്ലേസ്‌മെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി നൈപുണ്യ മികവുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ കളമശ്ശേരി മണ്ഡലത്തില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കുമായി നൈപുണ്യ പരിശീലന ക്‌ളാസുകള്‍, അസാപ്പ് വഴി പരിശീലനം, ശില്‍പശാലകള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ സര്‍വ്വേ പ്രകാരം കെ ഡിസ്‌കില്‍ രജിസ്റ്റര്‍ ചെയ്ത മണ്ഡലത്തിലെ ഐ.ടി.ഐ യോഗ്യതയുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും പങ്കെടുപ്പിച്ചാണ് പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കുന്നത്. തൊഴിലാളികളെ കണ്ടെത്തുന്നതിന് ഇത്തരം ഒരു പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ എത്തിയ വ്യവസായിക യൂണിറ്റുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ അധ്യക്ഷത വഹിച്ചg. കൗണ്‍സിലര്‍ നെഷിദാ സലാം, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, മാനേജര്‍ ആര്‍.രമ, കളമശ്ശേരി ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി.കെ രഘുനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.