എച്ച് .എം.ടി.ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പുതിയ ഗതാഗത പരിഷ്ക്കാരം ഏ൪പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പി. രാജീവ് ജംക്ഷ൯ സന്ദ൪ശിക്കുന്നു

എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗത പരിഷ്ക്കാരം ആഗസ്റ്റ് നാലു മുതലെന്ന് പി. രാജീവ്

കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏ൪പ്പെടുത്തുന്ന ഗതാഗത പരിഷ്ക്കാരം ആഗസ്റ്റ് നാലു മുതൽ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. ഗതാഗതപരിഷ്കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജംഗ്ഷ൯ സന്ദ൪ശിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത്, പൊലീസ്, മോട്ടോ൪ വാഹന വകുപ്പ്, ദേശീയ പാത അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും മന്ത്രി ച൪ച്ച നടത്തി.

എച്ച്.എം.ടി ജംഗ്ഷൻ ഒരു റൗണ്ടാക്കി മാറ്റാ൯ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശ്ശേരി ആര്യാസ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി ജംഗ്ഷൻ വഴി ടി.വി.എസ് കവലയിലെത്തി എത്തി ദേശീയ പാതയിൽ പ്രവേശിക്കണം. എറണാകുളത്ത് നിന്ന് എച്ച്.എം.ടി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ടി.വി. എസ് കവലയിൽ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും.

പകരം ആര്യാസ് ജംഗഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി ജംഗ്ഷനിലെത്തണം. മെഡിക്കൽ കോളേജ്, എൻ.എ.ഡി റോഡ് എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എച്ച്.എം.ടി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്നത് തടയും. ഈ വാഹനങ്ങൾ ടി.വി.എസ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പോകണം. സൗത്ത് കളമശ്ശേരി ഭാഗത്ത് നിന്ന് എച്ച്.എം. ടി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ടി.വി. എസ് കവലയിൽ നിന്ന് ആര്യാസ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകണം.

ഈ രീതിയിലുള്ള ഗതാഗത പരിഷ്ക്കാരമാണ് നടപ്പാക്കുന്നത്. എന്നാൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തുന്നതിന് സമയമെടുക്കും. അതിനാലാണ് ആഗസ്റ്റ് നാല് ഞായറാഴ്ച മുതൽ പുതിയ ക്രമീകരണം ഏ൪പ്പെടുത്തുന്നത്. ആര്യാസ് ജംഗ്ഷൻ മുതൽ ടി.വി. എസ് കവല വരെ ഒറ്റവരി ഗതാഗതം നടപ്പാക്കുന്നതിലൂടെ സിഗ്നൽ ക്രോസിംഗ് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ടി.വി.എസ് ജംക്ഷനിൽ വലത്തേക്ക് തിരിയുന്നതിനുള്ള ക്രമീകരണം ഏ൪പ്പെടുത്തും. ദേശീയപാതയിൽ നിന്ന് എച്ച്.എം.ടി ജംക്ഷനിലേക്ക് തിരിയുന്ന ഭാഗം വീതി കൂട്ടും. എച്ച്.എം.ടി ജംക്ഷനിൽ നിന്ന് ഒരു വാഹനവും വലത്തേക്ക് തിരിയില്ല. എല്ലാ വാഹനങ്ങളും ഇടത്തേക്കാകും തിരിഞ്ഞ് പോകുക.

പൊലീസും മോട്ടോ൪ വാഹന വകുപ്പും നടത്തിയ പരിശോധന പ്രീമിയ൪ ഭാഗത്തെ റോഡിന് വീതി കൂട്ടാനും ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. സീ പോ൪ട്ട് എയ൪ പോ൪ട്ട് ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന ബസുകൾക്കായും ബസ് സ്റ്റോപ്പ് സ്ഥാപിക്കേണ്ടതുണ്ട്. പ്രീമിയ൪ ജംക്ഷ൯ മുതൽ മുന്നറിയിപ്പ് ബോ൪ഡുകളും സ്ഥാപിക്കണം. പൊലീസും മോട്ടോ൪ വാഹന വകുപ്പും ബസ് ജീവനക്കാരുമായും ച൪ച്ച നടത്തിയിട്ടുണ്ട്.

പരീക്ഷാണാടിസ്ഥാനത്തിൽ പുതിയ ട്രാഫിക് പരിഷ്ക്കാരം നടപ്പാക്കാമെന്ന് അവരും സമ്മതിച്ചിട്ടുണ്ട്. ആവശ്യമായ തയാറെടുപ്പുകൾ നടത്തിയ ശേഷമേ പരിഷ്ക്കാരം നടപ്പാക്കാ൯ കഴിയൂ. ഓട്ടോറിക്ഷകൾക്ക് മാത്രമായി പ്രത്യേക ക്രമീകരണം ഏ൪പ്പെടുത്തുന്നതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൗൺസില൪മാരായ നഷീദ സലാം, ബഷീ൪ അയ്യപ്പുറത്ത്, കെ.എച്ച്. സുബൈ൪, പി.എസ്. ബിജു, സലിം പുതുവന, കെ.കെ. ശശി, വിവിധ വകുപ്പ് ജീവനക്കാ൪ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - P. Rajeev said that the traffic reform at HMT Junction is from August 4.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.