നവകേരള സദസില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ പങ്കാളിത്തം വേണമെന്ന് പി. രാജീവ്

കൊച്ചി: സര്‍ക്കാര്‍ ജനങ്ങളുടേതാണെന്നും ജനങ്ങള്‍ക്കായി കക്ഷിരാഷ്ട്രീയത്തിനതീതമായി സംഘടിപ്പിക്കുന്ന കേരളത്തിന്റെ പരിപാടിയാണ് നവകേരള സദസെന്ന് മന്ത്രി പി. രാജീവ്. നവകേരള സദസുമായി ബന്ധപ്പെട്ട് വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭയൊന്നാകെ ജനങ്ങളിലെത്തുന്ന നവകേരള സദസ് പുതിയൊരു അനുഭവമായിരിക്കും. നല്ല മാറ്റമാണ് കേരളത്തില്‍ സംഭവിക്കുന്നത്. വലിയ കമ്പനികള്‍ കൂടുതല്‍ നിക്ഷേപവുമായി കേരളത്തിലേക്ക് കടന്നുവരികയാണ്. ആറുമാസത്തിനകം 15 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കാണ് പെര്‍മിറ്റ് നല്‍കിയത്. നവകേരള സദസ് പുതിയൊരു അനുഭവമായിരിക്കും. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 48 സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകള്‍ നോട്ടിഫൈ ചെയ്തു.

എല്ലാ പാര്‍ക്കുകളും വ്യാവസായിക പ്രദേശമായി പ്രഖ്യാപിച്ചു. കൂടുതല്‍ പേരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനും ഇത്തരം സദസുകള്‍ സഹായകരമായിരിക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പൂർണ സഹകരണം നവകേരള സദസിനുണ്ടാകണം. എല്ലാ മണ്ഡലങ്ങളിലെയും നവകേരള സദസില്‍ ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ തുറക്കും.

പരാതികള്‍ സ്വീകരിക്കുമ്പോള്‍ രസീത് നല്‍കും. ഈ പരാതികള്‍ പരിശോധിക്കുന്നതിന് കളക്ടറേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിക്കും. പരാതികളുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് എല്ലാ പരാതികളും പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഒരു മാസത്തിനകം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തില്‍ ലഭിച്ച 85 ശതമാനം പരാതികളും പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന യോഗത്തില്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, എറണാകുളം ജില്ലയിലെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ അപ്പെക്‌സ് ബോഡി എഡ്രാക്കിന്റെ ഭാരവാഹികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍, ഫിക്കി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, വ്യാപാരി വ്യവസായി സംഘടനകള്‍, വ്യവസായികള്‍, ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നവകേരള സദസുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ പങ്കുവെച്ചു.

Tags:    
News Summary - P. Rajiv wants non-partisan participation in Navakerala Sadas.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.