തിരുവനന്തപുരം : തീരദേശഹൈവേയ്ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസപാക്കേജ് തയാറാക്കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി പുനരധിവാസ പാക്കേജിൻറെ വിശദാംശങ്ങൾ അറിയിച്ചത്.
തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജാണ് തയാറാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുന്നതാണ് ഈ പാക്കേജെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പാക്കേജിന് രണ്ട് വിഭാഗങ്ങളുണ്ട്. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. കാറ്റഗറി ഒന്നിൽ ഉൾപ്പെട്ടവരുടെ കെട്ടിടം ഏറ്റെടുക്കുമ്പോൾ കെട്ടിടത്തിന് കണക്കാക്കുന്ന തുകയിൽ നിന്ന് ഡിപ്രീസിയേഷൻ മൂല്യം കിഴിച്ച്, സൊളേഷ്യം നൽകി, ഡിപ്രീസിയേഷൻ വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നൽകും.
സ്ഥലം വിട്ടു നൽകുന്നവർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നൽകും. അതോടൊപ്പം പുനരധിവസിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരമോ
നൽകും. ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവരെ പുനരധിവാസ പാക്കേജിലെ കാറ്റഗറി രണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഡിപ്രീസിയേഷൻ മൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണ് നഷ്ടപരിഹാരമായി നൽകുക.
പുനരധിവസിപ്പിക്കപ്പെടെണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരംനൽകും. പ്രത്യേക പുനരധിവാസ പാക്കേജുകളില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആകെ 52 സ്‌ട്രെച്ചുകളിലായി 623 കിലോമീറ്റർ ദൈര്‍ഘ്യമാണ് ഒന്‍പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേയ്ക്ക് ഉണ്ടാകുക. 44 സ്‌ട്രെച്ചുകളിലായി 537 കിലോമീറ്റര്‍ ദൂരം കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് പ്രവൃത്തി നടത്തുന്നത്.
24 സ്ട്രെച്ചുകളിലായി 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റർ ഇടവിട്ട് ആകെ 12 ഇടങ്ങളില്‍ പ്രത്യേക ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കും. സൈക്കിൾ ട്രാക്ക്, ചാർജിംഗ് സ്റ്റേഷനുകള്‍, റെസ്‌റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026നു മുൻപ് പൂർത്തിയാക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് എംഎല്‍എമാരായ എം രാജഗോപാൽ, കെ.ജെ.മാക്‌സി, എം.കെ. അക്ബർ, ഡോ. സുജിത് വിജയൻപിള്ള തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.
കൂടുതൽ ഈടുനിൽക്കുന്ന റോഡ് നിർമാണ രീതികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ അവലംബിച്ചുവരുന്നതെന്ന് മഞ്ഞളാംകുഴി അലി. ഡോ.എം.കെ.മുനീര്‍, പി.കെ. ബഷീർ, എൻ.എ നെല്ലിക്കുന്ന് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.