കൊച്ചി : ബീച്ച് ടൂറിസം വലിയ പ്രാധാന്യത്തോടെ വികസിപ്പിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഡ്വഞ്ചർ സ്പോർട്സ് സാധ്യതകളും പരമാവധി ഉപയോഗിക്കും. കുഴുപ്പിള്ളി ബീച്ചിൽ നിർമിച്ച ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലും ഓരോ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കാനാണ് ടൂറിസം വകുപ്പിൻ്റെ തീരുമാനം. നിലവിൽ ആറ് ജില്ലകളിൽ നിർമാണം പൂർത്തീകരിച്ച് പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു. ചരിത്രപരമായ പ്രത്യേകതകളുള്ള കുഴുപ്പിള്ളിയിൽ ഈ പദ്ധതി നടപ്പാക്കുന്നത് നാടിനുള്ള സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ടൂറിസം വികസനത്തിന് പരിപൂർണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് സമയത്ത് വെൻ്റിലേറ്ററിലായിരുന്ന ടൂറിസം മേഖലയെ ഉത്തേജ്ജിപ്പിക്കാനായി വിവിധ സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിൻ്റെ ഫലമായി ഓരോ വർഷവും ആഭ്യന്തര സഞ്ചാരികൾ കൂടുന്നുവെന്നും മന്ത്രി പറഞ്ഞു.
കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ, കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽ കുമാർ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, മറ്റു ജനപ്രതിനിധികൾ, ടൂറിസം വകുപ്പ്ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് യാഥാർഥ്യമാക്കിയത്. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള പാലം ഉന്നത നിലവാരത്തിലുള്ള പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ്മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു കോടി 30 ലക്ഷം രൂപയാണ് നിർമാണ ചിലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.