ആഭ്യന്തര വിനോദ സഞ്ചാരമേഖലയിൽ വൻ കുതിപ്പെന്ന് പി.എ മുഹമ്മദ് റിയാസ്

കൊച്ചി: കോവിഡിന് ശേഷം കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരമേഖലയിൽ വൻ കുതിപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മറൈൻഡ്രൈവിൽ ആരംഭിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ 2022 ലും 2023 ആദ്യ പാദത്തിലും റെക്കോർഡ് നേട്ടമാണ് ഉണ്ടായത്. 2022 ജനുവരി മുതൽ ജൂൺ വരെ 88,95,593 വിനോദ സഞ്ചാരികളും 2023 ൽ ഇതേ കാലയളവിൽ 10,683,643 വിനോദ സഞ്ചാരികളും കേരളത്തിൽ എത്തി. 20 ശതമാനം വർധനയാണ് ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ ഉണ്ടായത്.

ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തിയിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. 22,16,250 സഞ്ചാരികൾ എത്തിയിട്ടുണ്ട്. 2022 ന് ആദ്യപകുതിയിൽ 1,05,960 ഉം 2023 ഈ കാലയളവിൽ 2,87,730 സഞ്ചാരികളും എത്തി.

കേരളത്തിൻ്റെ ഇഷ്ടവിനോദമായ വള്ളംകളിയുടെ ആവേശം ലോകത്ത് ആകമാനം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന് രൂപം നൽകിയിരിക്കുന്നത്. വലിയ രീതിയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സി.ബി.എൽ വഴി സാധിക്കും. വളരെ വിപുലമായി സംഘടിപ്പിക്കുന്ന സി.ബി.എൽ മൂന്നാം പതിപ്പ് ഉത്തര മലബാറിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ധർമടം മണ്ഡലത്തിൽ ചെറുവള്ളങ്ങളുടെ മത്സരം സംഘടിപ്പിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ഭാഗങ്ങളിലേക്ക് സി.ബി.എൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കേരളത്തിൻ്റെ ടൂറിസം മേഖല കുതിപ്പിന്റെ ഘട്ടത്തിലാണെന്ന് രാജീവ് പറഞ്ഞു. സി.ബി.എൽ മത്സര വിജയികൾക്കുള്ള ട്രോഫി അനാവരണം പി. രാജീവ് നിർവഹിച്ചു. മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ഹൈബി ഈഡൻ എംപി, എം.എൽ.എമാരായ ടി.ജെ വിനോദ്, പി.വി ശ്രീനിജിൻ, കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - PA Muhammad Riaz said that there is a huge increase in the domestic tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.