കോഴിക്കോട്: മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിസ്ഥാനത്ത് നിർത്തി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ആരോപണങ്ങൾ സമൂഹത്തിൽ മതസ്പർധയും വെറുപ്പിന്റെ അന്തരീക്ഷവും ഉൽപാദിപ്പിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ പ്രസ്താവിച്ചു.
ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ പദാവലികൾ ഉയർത്തിക്കാട്ടിയുള്ള ആരോപണങ്ങൾ മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും ഇസ്‌ലാംഭീതിയുടെ അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതുമാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തെളിവുകളുടെയും വസ്തുതകളുടെയും പിൻബലത്തിലല്ലാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വരുത്തി വെക്കുമെന്ന് ഓർക്കണം. ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വ്യാജാരോപണങ്ങളുണ്ടാക്കാവുന്ന അനന്തരഫലങ്ങൾ മുന്നിൽകണ്ട് സർക്കാർ അമാന്തം കാണിക്കാതെ ഇതിന്റെ യഥാർഥ വസ്തുതകൾ പുറത്തുവിടണം. അതോടൊപ്പം സമൂഹത്തിൽ വർഗീയത പടർത്താനുള്ള ബോധപൂർവമായ ഇത്തരം ശ്രമങ്ങൾക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്നും വി.ടി.അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.