പാലക്കാട്: പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സർവകക്ഷി സമാധാന യോഗം ഇന്ന്. മന്ത്രി കെ കൃഷ്ണൺകുട്ടിയുടെ അധ്യക്ഷതയിലാണ് പാലക്കാട് കലക്ട്രേറ്റിൽ യോഗം ചേരുന്നത്. വൈകീട്ട് 3.30ന് കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിൽ നടക്കുന്ന യോഗം. ബി.ജെ.പി പ്രതിനിധികളും പോപ്പുലർ ഫ്രണ്ട് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസുമാണ് ബി.ജെ.പി പ്രതിനിധികളായി പങ്കെടുക്കുക. നേരത്തേ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അതേസമയം, രണ്ട് കൊലപാതകങ്ങളിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുചക്ര വാഹന യാത്രക്കാണ് നിയന്ത്രണം. പിൻസീറ്റിൽ സ്ത്രീകളോ കുട്ടികളോ ഒഴികെയുള്ളവർ യാത്ര ചെയ്യരുതെന്നാണ് നിർദേശം. എ.ഡി.ജി.പി വിജയ് സാഖറെ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നത്. രണ്ടു കേസുകളിലും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.
പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു. രണ്ടു കേസുകളിലും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സാഖറെ വ്യക്തമാക്കി. ഇതിനിടെ ആര്‍.എസ്.എസ് മുൻ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കൊല നടത്തിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.