പാലക്കാട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷരെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ മുന്‍ പ്രസിഡന്‍റുമാര്‍ വെള്ളിയാഴ്ച ഹൈകോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യും. പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റുമാരാണ് കോടതിയെ സമീപിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യു.ഡി.എഫ് ഭരണത്തിന്‍െറ അവസാനകാലത്ത് നിയമിക്കപ്പെട്ടവര്‍ തങ്ങളെ മാറ്റുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ജില്ലകളില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവ് വന്നത് ബുധനാഴ്ച ഉച്ചക്കുശേഷം 2.50നാണ്.
എന്നാല്‍, ഇതിലുള്‍പ്പെട്ട മൂന്നുപേരുള്‍പ്പെടെ അഞ്ച് സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷരെ മാറ്റി ഇതേ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കി. ഉച്ചക്കുശേഷമാണ് ഉത്തരവ് ഇ -മെയിലായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലത്തെിയത്. വൈകീട്ട് നാലരയോടെ പുതിയ പ്രസിഡന്‍റുമാര്‍ ചുമതലയേറ്റു. കോടതി ഉത്തരവ് വന്നതിനുശേഷമാണ് പുതിയ പ്രസിഡന്‍റുമാര്‍ സ്ഥാനമേറ്റതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും കാണിച്ചാണ് പഴയ അധ്യക്ഷന്മാര്‍ കോടതിയെ സമീപിക്കുന്നത്.
ഇതോടെ പ്രസിഡന്‍റുമാരെ മാറ്റിയ ഉത്തരവ് നിയമയുദ്ധത്തിന് വഴിമാറുമെന്ന് ഉറപ്പായി.
ഭരണമാറ്റത്തെതുടര്‍ന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അഴിച്ചുപണിതതിന് പിന്നാലെയാണ് ജില്ലാ കൗണ്‍സില്‍ അധ്യക്ഷരെയും മാറ്റാന്‍ നടപടി തുടങ്ങിയത്. ഇത് മുന്‍കൂട്ടി കണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച എട്ട് ജില്ലകളിലെ പ്രസിഡന്‍റുമാര്‍ ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങുകയായിരുന്നു. ഡി. മോഹനന്‍ -തിരുവനന്തപുരം, ടി.എന്‍. കണ്ടമുത്തന്‍ -പാലക്കാട്, വി.എ. സക്കീര്‍ഹുസൈന്‍ -എറണാകുളം, എം. മധു -വയനാട്, കെ. അനില്‍കുമാര്‍ -പത്തനംതിട്ട, കെ.എല്‍. ജോസഫ് -ഇടുക്കി, മത്തായി ചാക്കോ -കോഴിക്കോട്, ശ്രീകുമാര്‍ -മലപ്പുറം എന്നിവരെയാണ് പുതുതായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.