പാലിയേക്കരയിൽ ടോൾ കൂട്ടി: സമാന്തര പാതകൾ കൈയ്യടക്കി യാത്രക്കാർ

ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ ടോള്‍ നിരക്ക് നിലവില്‍ വന്നതോ​െ​ട ടോൾ ഒഴിവാക്കാനുള്ള സമാന്തരപാതകളെ ആശ്രയിച്ച്​ യാത്രക്കാർ. സമാന്തരപാതകളായ മണലി -മടവാക്കര റോഡിലും കല്ലൂര്‍ റോഡിലും പുതിയതായി നിര്‍മ്മിച്ച പുലക്കാട്ടുകര പാലം റോഡിലും വാഹനത്തിരക്കേറി. സമാന്തരപാതയിലൂടെയുള്ള ടോൾവെട്ടിച്ചുള്ള യാത്ര ടോള്‍ കമ്പനിയോടും അധികൃതരോടുമുള്ള വാഹനയാത്രികരുടെ നിശബ്ദ പ്രതിഷേധം കൂടിയാണ്.

ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന വ്യതിയാനമനുസരിച്ചാണ്​ നിരക്ക്​ വര്‍ധിപ്പിച്ചത്​. ബുധനാഴ്ച മുതല്‍ ഇത്​ പ്രാബല്യത്തിൽവന്നു. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകൾക്ക് 110 ആയിരുന്നത് 120 ആയും വർധിപ്പിച്ചു.

ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വര്‍ധിപ്പിച്ചു. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയർത്തി. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയായിരുന്നത് 445 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.

കൊവിഡിന്‍റെ സാഹചര്യത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെ ടോള്‍ നിരക്ക് ഉയര്‍ത്തിയതില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാരുകള്‍ ടോള്‍ കമ്പനിക്കുവേണ്ടി അനുകൂല നിലപാടെടുക്കുകയാണെന്നാണ് ആക്ഷേപം. വര്‍ഷംതോറും ടോള്‍ തുക ഉയര്‍ത്തി കൊള്ള നടത്തുന്ന കമ്പനി ദേശീയപാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടും ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കുന്നില്ല. പൂര്‍ത്തീകരിക്കാത്ത സർവിസ് റോഡുകളും ഡ്രൈനേജുകളും നിരവധി അപകടങ്ങള്‍ക്ക് ഇടവരുത്തുന്നു.

പലയിടത്തും റോഡുകള്‍ തകര്‍ന്ന് കുണ്ടും കുഴിയും രൂപപ്പെട്ട നിലയിലാണ്. അമിതമായ ടോള്‍ പിരിവ് നടത്തുന്ന കമ്പനി യാത്രക്കാര്‍ക്ക് സുഗമ സഞ്ചാരമൊരുക്കുന്നതില്‍ വീഴ്ചവരുത്തുകയാണെന്നാണ് ആക്ഷേപം. ടോള്‍ നിരക്ക് കുത്തനെ ഉയർത്തിയതോടെ നിരവധി വാഹനങ്ങളാണ്​ സമാന്തരപാത ആശ്രയിക്കുന്നത്​.

Tags:    
News Summary - Paliyekkara Toll hike: Vehicles going through parallel roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.