കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാത നിർമാണ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ കമ്പനി കേന്ദ്ര സർക്കാറിനെതിരെ ആർബിട്രൽ ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ സംസ്ഥാന സർക്കാറിനെ കക്ഷിചേർത്ത നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ.
ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിച്ച റോഡിന് ചെലവായ തുക തിരികെ പിടിക്കാൻ ടോൾ പിരിവിന് അനുമതി നൽകിയ കാലയളവ് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി നൽകിയ ഹരജിയിൽ സംസ്ഥാന സർക്കാറിനെ കക്ഷിചേർത്തതാണ് ജസ്റ്റിസ് എൻ. നഗരേഷ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. കരാർ കമ്പനിക്കും കേന്ദ്ര സർക്കാറിനും നോട്ടീസ് നൽകാനും ഉത്തരവിട്ടു.
2028 വരെ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി നൽകിയെങ്കിലും ചെലവായ തുക ഈടാക്കാൻ പര്യാപ്തമല്ലെന്നും നഷ്ടമുണ്ടാകുന്നുവെന്നും പറഞ്ഞാണ് കമ്പനി ഡൽഹിയിലെ ആർബിട്രൽ ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ തർക്കത്തിൽ സംസ്ഥാന സർക്കാറിനെ കൂടി കക്ഷിചേർക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം ട്രൈബ്യൂണൽ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചത്.
ദേശീയപാത വികസനത്തിന് ബന്ധപ്പെട്ട് കരാർ കമ്പനിയും കേന്ദ്രവും തമ്മിലുള്ള തർക്കത്തിൽ സംസ്ഥാന സർക്കാർ കക്ഷിയല്ലെന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്ന ഉത്തരവാദിത്തം മാത്രമാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും കക്ഷി ചേർത്ത നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്. ടോൾ പിരിവിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന്‍റെ ചുമലിൽ കെട്ടിവെക്കാനാണ് കക്ഷി ചേർത്തതെന്നും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.