തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സംസ്ഥാന രാഷ്ട്രീയം കൂടുതൽ തിളച്ചുമറിയും. ആരോപണ പ്രത്യാരോപണങ്ങളും കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ അന്വേഷണവും കളം നിറഞ്ഞിരിക്കെയാണ് കമീഷെൻറ പ്രഖ്യാപനം. ആറ് മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായ സെമിഫൈനല്‍ എന്ന നിലയിൽ കൈമെയ് മറന്ന പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് പ്രധാന മുന്നണികൾ. മുന്നണി ബന്ധമില്ലാത്ത കക്ഷികളാകെട്ട സംസ്ഥാന രാഷ്ട്രീയത്തിൽ സ്വന്തം ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിലും.
മുന്നൊരുക്കങ്ങളെല്ലാം മുന്നണികൾ പൂർത്തിയാക്കിക്കഴിഞ്ഞു. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാർഥി നിർണയം അവസാനഘട്ടത്തിലാണ്. ജനപ്രിയ സ്ഥാനാർഥികളെ ഇറക്കി വിജയം ഉറപ്പിക്കാനാണ് എല്ലാവരുടെയും ശ്രമം. കഴിഞ്ഞ തവണ മികച്ചവിജയം നേടിയ ഇടതുമുന്നണി അതി ഗൗരവമുള്ള വിവിധ ആരോപണങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. അത് മുതലെടുക്കാൻ സർവായുധങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും കിണഞ്ഞുശ്രമിക്കുകയാണ്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസിസും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കുടുംബവും സംശയ മുള്‍മുനയിലാണ്. ഇടതുമുന്നണിക്ക് വലിയ ആശങ്കയും അതുണ്ടാക്കുന്നു. ഭരണനേട്ടങ്ങളും കേന്ദ്ര സർക്കാറിെൻറ പ്രതികാരനീക്കവും ചൂണ്ടിക്കാട്ടി വിജയം ആവർത്തിക്കാനാണ് എൽ.ഡി.എഫ് ശ്രമം. യു.ഡി.എഫ് നേതാക്കൾക്കെതിരെ വിജിലൻസ് ഉൾപ്പെടെ നടത്തുന്ന അന്വേഷണങ്ങളും ആയുധമാക്കും. ജനങ്ങള്‍ക്ക് നേരിട്ട് ഗുണംലഭിക്കുംവിധം നടപ്പാക്കിയ പദ്ധതികൾ സഹായകമാകുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. അഴിമതി ഉൾപ്പെടെ കാര്യങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ വ്യത്യാസമില്ലെന്ന് മനസ്സിലാക്കിയ ജനം തങ്ങളെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം.
അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണെന്നും യു.ഡി.എഫ് തൂത്തുവാരുമെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. വലിയ വിജയപ്രതീക്ഷ പങ്കുവെച്ച എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സർക്കാറിനും മുന്നണിക്കും എതിരായ വിവാദങ്ങൾ ജനം നിരാകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഏറ്റവും അനുകൂല സാഹചര്യമെന്ന് പറയുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെയാണെന്നും കുറ്റപ്പെടുത്തുന്നു.
കൂടുവിട്ട് എൽ.ഡി.എഫിലെത്തിയ ജോസ് കെ. മാണി പക്ഷത്തിെൻറ ശക്തി വിലയിരുത്തൽ കൂടിയാവും ഇൗ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.