ആദിവാസി പണിയ, എം.എസ്.ഡബ്ല്യു; സിന്ധുവിന് തൊഴിൽ പോത്തു വളർത്തൽ

കൽപറ്റ: 'ജീവിക്കാൻ വേറെ വഴിയൊന്നുമില്ല. ഇനി പോത്തുവളർത്തലാണെങ്കിൽ അങ്ങനെ. ബിരുദാനന്തര ബിരുദമുണ്ടായിട്ടും സ്തുത്യർഹമായി ജോലി ചെയ്തിട്ടും കരുണയില്ലാതെ പിരിച്ചുവിട്ടില്ലേ? ഞങ്ങളെ പുറത്താക്കിയാൽ ചോദിക്കാനൊന്നും ആരുമുണ്ടാവില്ലല്ലോ' -എം.എസ്.ഡബ്ല്യുക്കാരി സിന്ധുവിന്റെതാണ് ഈ പൊള്ളുന്ന ചോദ്യങ്ങൾ.

വയനാട്ടിലെ ഏറ്റവും പിന്നാക്ക ആദിവാസി വിഭാഗമായ പണിയ സമുദായത്തിൽനിന്ന് ബിരുദാനന്തര ബിരുദത്തിനപ്പുറം വളർന്നിട്ടെന്ത്? ജീവിതം മുന്നോട്ടു തള്ളിനീക്കാൻ സിന്ധു ഇപ്പോൾ പോത്തിനെ വളർത്തുകയാണ്. മാനന്തവാടി പായോട് കവണക്കുന്ന് കോളനിയിലെ സിന്ധുവിന് ഇക്കഴിഞ്ഞ മാർച്ച് 31 വരെ ജോലിയുണ്ടായിരുന്നു. പട്ടികവർഗ വികസന വകുപ്പിൽ കമ്മിറ്റഡ് സോഷ്യൽ വർക്കർ. ആ കരാർ ജോലിയിൽനിന്ന് കഴിഞ്ഞ മാസം സിന്ധു ഉൾപ്പെടെ ഒട്ടേറെ ആദിവാസി ഉദ്യോഗാർഥികളെ അധികൃതർ നിഷ്കരുണം പടിയിറക്കി.

10 വർഷം മുമ്പ് പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സിന്ധുവിന്റെ അച്ഛൻ മരിച്ചത്. എന്നിട്ടും പാതിവഴിയിൽ കൊഴിഞ്ഞുപോകാതെ പഠനം തുടർന്നു. ഡിഗ്രിയും പി.ജിയും നല്ല മാർക്കോടെ പാസായി. താമസിച്ചിരുന്ന വീട് ഇതിനിടെ, മഴയിൽ തകർന്നു. ഭർത്താവിനും പിഞ്ചുകുഞ്ഞിനുമൊപ്പം അമ്മാവന്റെ വീട്ടിലാണ് ഇപ്പോൾ താമസം.

എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി, എം.എ ആന്ത്രോപ്പോളജി തുടങ്ങി ഉന്നത ബിരുദാനന്തര ബിരുദങ്ങളുള്ള ആദിവാസി യുവാക്കളെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. എട്ടു വർഷമായി കമ്മിറ്റഡ് സോഷ്യൽ വർക്കർമാരായി വകുപ്പിനു കീഴിൽ ജോലി ചെയ്യുകയായിരുന്ന ഇവരെ പുറത്താക്കി പകരം നിയമിച്ചിരിക്കുന്നവരിലേറെയും ജനറൽ കാറ്റഗറി വിഭാഗക്കാർ. പിരിച്ചുവിടരുതെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിലടക്കം സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എട്ടുവർഷം പണിയെടുത്തത് 20,000 രൂപ മാസശമ്പളത്തിൽ. ഒരു രൂപപോലും ഇതിനിടെ, വർധിപ്പിച്ചുനൽകിയില്ല. ഇവരെ പുറത്താക്കി പുതിയ ആളുകളെ നിയമിച്ചിരിക്കുന്നത് പ്രതിമാസം 30,000ത്തോളം രൂപ ശമ്പളത്തിലാണ്.

Tags:    
News Summary - Paniya tribal girl; Qualification MSW; Livestock is job for sindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.