പറവൂർ ( കൊച്ചി): കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിത കമീഷനും എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിക്കും പരാതി. ഭർത്താവ് പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് ‘സ്നേഹതീര’ത്തിൽ രാഹുൽ പി. ഗോപാലിനെതിരെ ഗാർഹിക പീഡന നിയമ പ്രകാരം മാത്രമാണ് കേസെടുത്തത്. പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയോട് നീതി കാണിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തുടക്കത്തിൽ വിമുഖത കാണിച്ചെന്നും രാഹുലിനെ ന്യായീകരിച്ച് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
പറവൂർ സ്വദേശിയായ യുവതിയുമായി ഈ മാസം അഞ്ചിനായിരുന്നു രാഹുലിന്റെ വിവാഹം. അടുക്കള കാണൽ ചടങ്ങിന് 12ന് രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതി ക്രൂര മർദനത്തിന് ഇരയായത് ബന്ധുക്കൾ അറിഞ്ഞത്. നെറ്റിയിലും തലയിലും മുഷ്ടി ചുരുട്ടി ഇടിച്ചെന്നും മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ ചുറ്റി വലിച്ചെന്നും പരാതിയിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയി എന്ന രീതിയിൽ രാഹുലിന്റെ അമ്മയും സഹോദരിയും പലതവണ മകളോട് സംസാരിച്ചെന്നും പിതാവ് ആരോപിച്ചു. കേബിൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല. സംഭവം വിവാദമായതോടെ പന്തീരാങ്കാവ് പൊലീസ് ഫോണിൽ വിളിച്ച് യുവതിയുമായി സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീധനമായി 70 പവനിലേറെ സ്വർണവും രണ്ടര ലക്ഷം രൂപയും നൽകിയെന്നും പിതാവ് പറഞ്ഞു.
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ യുവതിക്ക് വനിത നിയമ സഹായമുള്‍പ്പെടെ നല്കി പിന്തുണക്കുമെന്ന് ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണ ജോര്‍ജ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ല വനിത പ്രൊട്ടക്ഷന്‍ ഓഫിസര്‍ യുവതിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൗണ്‍സലിങ് നല്‍കും. . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.