തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍നിന്ന് കരാര്‍ പ്രകാരം കേരളത്തിന് 400 ക്യൂസെക്സ് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഉഭയകക്ഷി കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലെ മണക്കടവ് ചിറ വഴി ഫെബ്രുവരി 15 വരെ ദിവസം 400 ക്യൂസെക്സ് (സെക്കന്‍റില്‍ 400 ഘനയടി) വെളളമാണ് ലഭിക്കേണ്ടത്. എന്നാല്‍, ആവശ്യമായ വെള്ളം വിട്ടു നല്‍കാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 6ന് 131 ക്യൂസെക്സും 7ന് 67 ക്യൂസെക്സും മാത്രമാണ് വിട്ടുതന്നത്. ഫെബ്രുവരി 8-ന് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയത് വെറും 32 ക്യൂസെക്സ് മാത്രമാണ്. ഈ നിലയിലുളള വെളളത്തിന്‍റെ കുറവും കരാര്‍ ലംഘനവും ഉത്കണ്ഠയുളവാക്കുന്നതാണ്. ഫെബ്രുവരി 15 വരെ 400 ക്യൂസെക്സ് വെളളം നല്‍കണമെന്നും തുടര്‍ന്നുളള വിഹിതത്തിന്‍റെ കാര്യം ഫെബ്രുവരി 10ന് ചെന്നൈയില്‍ ജോയന്‍റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് നിശ്ചയിക്കണമെന്നുമാണ് ജനുവരി 19ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കരാര്‍ പ്രകാരമുളള വെളളം ലഭിക്കാത്തത് പാലക്കാട് ജില്ലയിലെ കര്‍ഷകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കയാണ്. വരള്‍ച്ചയും നെല്‍കൃഷി നാശവുമായിരിക്കും ഇതിന്‍റെ ഫലം. ജില്ലയില്‍ ഇപ്പോള്‍ തന്നെ കുടിവെളളത്തിന് ക്ഷാമമുണ്ട്. വിഷമം പിടിച്ച ഈ സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി പ്രത്യേകം ഇടപെട്ട് ഫെബ്രുവരി 15 വരെ കേരളത്തിന് കരാര്‍ പ്രകാരമുളള 400 ക്യൂസെക്സ് വെളളം ലഭ്യമാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.