അഞ്ചുവർഷം നടപ്പാക്കിയ വികസനം ചിറയിൻകീഴ് എം. എൽ. എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു
സമസ്ത മേഖലയിലും ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ചിറയിന്‍കീഴ് നിയോജക മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ചിറയിന്‍കീഴ് എം. എല്‍. എ വി. ശശി. പതിറ്റാണ്ടുകളായി പ്രഖ്യാപനങ്ങളിലൊതുങ്ങിയിരുന്ന പദ്ധതികള്‍ യാഥാർഥ്യമാക്കി.
ചിറയിന്‍കീഴ് െറയില്‍വേ മേല്പാലവും കായിക്കരകടവ് പാലവുമെല്ലാം ഇതിനുദാഹരണമാണ്. 37. 16 കോടി ചെലവഴിച്ചാണ് െറയില്‍വേ മേല്‍പാലം നിര്‍മിക്കുന്നത്. കായിക്കര കടവ് പാലത്തിന് 30. 66 കോടിയും ലഭ്യമാക്കിയിട്ടുണ്ട്. ലോകം ശ്രദ്ധിക്കുന്ന സ്ഥാപനങ്ങളാണ് മണ്ഡലത്തില്‍ പുതുതായി വന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി വന്നത് ചിറയിന്‍കീഴ് മണ്ഡലത്തിലാണ്.
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. 301 കോടിയുടെ സയന്‍സ് പാര്‍ക്ക് പദ്ധതിയും ട്രാവന്‍കൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിയുമെല്ലാം നാടിന് മുതല്‍കൂട്ടാണ്. ചെയ്ത കാര്യങ്ങള്‍ കൊട്ടിഗ്ഘോഷിക്കപ്പെട്ടിട്ടില്ല എന്ന കുറവ് മാത്രമേയുള്ളൂവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ വി. ശശി പറഞ്ഞു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 72. 77 കോടിയുടെ ബൃഹത് വികസന പദ്ധതിയാണ് യാഥാർഥ്യമാകുന്നത്.
പ്രേംനസീര്‍ സ്മാരകത്തിന് 2. 3 കോടിയും രജിസ്ട്രേഷന് കോംപ്ലക്സിന് 1. 4 കോടിയും, ചാന്നാങ്കര പെരുമാതുറ അഴൂര്‍ ഡ്രെയിനേജ് േപ്രാജക്ടിന് രണ്ടുകോടിയും ലഭ്യമാക്കി.
കായിക മേഖലയുടെ വികസനത്തിന് കൊണ്ടുവന്ന സെൻറര്‍ ഓഫ് ജി. വി. രാജ എക്സലന്‍സ് 58. 49 കോടിയുടെ പദ്ധതിയാണ്. പട്ടികജാതി കുട്ടികള്‍ക്ക് താമസിച്ച് പഠനം നടത്തുന്നതിനുള്ള മോഡല്‍ െറസിഡൻറഷ്യല് സ്കൂളും മണ്ഡലത്തില്‍ കൊണ്ടുവന്നു. 15. 97 കോടി ചെലവഴിച്ച് ഇതിനാവശ്യമായ കെട്ടിട നിര്‍മാണങ്ങള്‍ നടന്നുവരുകയാണ്. തോന്നയ്ക്കല്‍ ആശാന് സ്മാരകത്തിന് 10 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളും ഉറപ്പാക്കി.
റോഡുകളുടെ വികസനത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. പ്രധാന പദ്ധതികളും നൂറോളം ചെറുകിട റോഡ് പദ്ധതികളും യാഥാർഥ്യമാക്കി.
വിദ്യാഭ്യാസ മേഖലയില്‍ സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നു. വലിയ സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു. ഒരു കോടിയില്‍ താഴെ ചെലവഴിച്ച് അമ്പതിലേറെ സ്കൂള്‍ കെട്ടിടങ്ങള്‍ വേറെയും നിര്‍മിച്ചിട്ടുണ്ട്. വാഹനം ആവശ്യപ്പെട്ട എല്ലാ സ്കൂളുകള്‍ക്കും ബസുകള്‍ വാങ്ങി നല്കി. ഡിജിറ്റല്‍ സൗകര്യങ്ങളും ഓണ്‍ലൈന്‍ പഠന സജ്ജീകരണങ്ങളും അംഗന്‍വാടി മുതല്‍ കോളജുകളില്‍ വരെ ആവശ്യാനുസരണം ലഭ്യമാക്കി.
ഏറ്റവും മോശപ്പെട്ട ജീവിത സാഹചര്യങ്ങളും സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയുമുള്ള തീരദേശ മണ്ഡലമായ ചിറയിന്‍കീഴിൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമായെന്നും എം. എ. ലത്തീഫ്.
ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനോ തൊഴില്‍ ലഭ്യമാക്കാനോ യാതൊരു ശ്രമവും ഈ മണ്ഡലത്തിനുള്ളില്‍ ഉണ്ടായില്ല. തുമ്പ മുതല്‍ നെടുങ്ങണ്ടവരെയുള്ള 17 കിലോമീറ്റര്‍ തീരദേശമുള്ള മണ്ഡലമാണ്. ഇതില്‍ പകുതി ഭാഗം എല്ലാകാലത്തും കടലാക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്നു.
ശക്തമായ തീരഭിത്തി നിർമിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന ഇവരെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കടലിനും കായലിനും മധ്യേയും തുരുത്തുകളിലും കിടക്കുന്നവര്‍ക്ക് കുടിവെള്ളവും വൈദ്യുതിയും പാര്‍പ്പിടവുമില്ല. എല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമാണ്.
എല്ലാ വേനല്‍ക്കാലത്തും കുടിവെള്ളത്തിന് തീരവാസികള്‍ നെട്ടോട്ടമോടുകയാണ്.
സ്വകാര്യ കുടിവെള്ള കച്ചവടക്കാരില്‍നിന്ന് ഭീമമായ തുകക്ക് ജലം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണ് തീരമേഖലയില്‍ പൂര്ണമായുമുള്ളത്
സ്വാഭാവികമായി വളര്‍ന്നുവന്ന ടൂറിസം സ്പോട്ടാണ് മുതലപ്പൊഴി. സര്‍ക്കാറിെൻറ ടൂറിസം പദ്ധതികളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. പതിനായിരങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നതോടെ നൂറോളം പേര്‍ക്ക് ഇവിടെ ഉപജീവന സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍, ഈ തീരം പൂര്‍ണമായും അദാനിക്ക് തീറെഴുതുകയാണ് എം. എല്‍. എയും സര്‍ക്കാറും ചെയ്തത്. ഒരേസമയം കോര്‍പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുകയും അവര്‍ക്കായി എല്ലാം തീറെഴുതുകയും ചെയ്യുന്ന നയമാണ് സംസ്ഥാനത്തും ചിറയിന്‍കീഴ് മണ്ഡലത്തിലും നടന്നിരിക്കുന്നത്.
പട്ടികജാതി സംവരണ മണ്ഡലമായിട്ടുപോലും ഇവരുടെ ഉന്നമനത്തിന് പുതുതായി യാതൊന്നും ചെയ്തില്ല. ഭൂരിഭാഗം കോളനികളുടെയും അവസ്ഥ വളരെ ശോചനീയമാണ്. കുട്ടികളുടെ പഠനം ദുരിതത്തിലായി.
ഭൂരിഭാഗം റോഡുകളും എല്ലാകാലത്തും കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ല. സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി കോടികളുടെ കണക്കുകളാണ് അവതരിപ്പിക്കപ്പെടുന്നത്. പല കെട്ടിടങ്ങള്‍ക്കും ആവശ്യമായതിൽ കൂടുതല്‍ ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. ഇവ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം.
ചിറയിന്‍കീഴ് താലൂക്കാശുപത്രി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജീവനക്കാരുടെ അപര്യാപ്തതയും മരുന്നുകളുടെ ലഭ്യതക്കുറവുമുണ്ട്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള പല സ്ഥാപനങ്ങളും കെട്ടിടം കെട്ടി ഉദ്ഘാടനം ചെയ്തതൊഴിച്ചാല്‍ പ്രഖ്യാപിച്ച രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. കയര്‍ മേഖലക്കായി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണമൊന്നും കയര്‍ത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ വഴിയുള്ള തിരിമറികള്‍ മാത്രമാണ് ഇതിെൻറ പിന്നില്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.