ജെൻസന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്; ​അന്ത്യ ചുംബനം നൽകി യാത്രയാക്കി ശ്രുതി

കൽപറ്റ: അപകടത്തിൽ മരിച്ച ജെൻസന് നാട് അന്ത്യാഞ്ജലിയർപ്പിച്ചു. അന്ത്യ ചുംബനത്തോടെയാണ് പ്രതിശ്രുത വധു ജെൻസന് വിട നൽകിയത്. ശ്രുതിക്ക് അവസാനമായി കാണാൻ ജെൻസന്റെ മൃതദേഹം ആശുപത്രിയിലേക്ക് എത്തിക്കുകയായിുന്നു. നേരത്തേ പള്ളി​യിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ശ്രുതിയുടെ മാനസിക-ശാരീരിക അവസ്ഥ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. 15 മിനിറ്റ് ആശുപത്രിയിൽ പൊതുദർശനമുണ്ടായി. നൂറുകണക്കിന് ആളുകളാണ് ജെൻസനെ ഒരുനോക്ക് കാണാനായി എത്തിയത്. അമ്പലവയൽ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസ​ന്റെ മൃതദേഹം കൊണ്ടുപോയത്.

ചൂരൽ മല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായിരുന്നു പ്രതിശ്രുത വരനായിരുന്നു ജെൻസൻ. ഡിസംബർ ഇരുവരെയും വിവാഹം തീരുമാനിച്ചിരിക്കെ ആണ് ജെൻസൻ ശ്രുതിയെ തനിച്ചാക്കി പോയത്. ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ് ജെൻസനെ അടക്കുക.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലവയൽ സ്വദേശിയാണ് ജെൻസൻ.

ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തിൽ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.

Tags:    
News Summary - Paying tribute to Jensen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.