മാസപ്പടിക്കേസ്: വിധി 19ലേക്ക് മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരായ മാസപ്പടി ഹരജിയിൽ വിജിലൻസ് കോടതി ഏപ്രിൽ 19ന് വിധി പറയും. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടന്‍റെ ഹരജി പിന്നീട് പരിഗണിക്കും.

സി.എം.ആർ.എല്ലിന് മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണ് മകൾ വീണ വിജയന് സി.എം.ആർ.എല്ലിൽനിന്ന് മാസപ്പടി ലഭിക്കാൻ കാരണമെന്നാണ് ഹരജിയിലെ ആരോപണം.

വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെ, മാത്യു നിലപാട് മാറ്റി. തെളിവ് കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, കോടതി വേണോ വിജിലൻസ് വേണോയെന്ന് ഹരജിക്കാരൻ ആദ്യം തീരുമാനിക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി മതിയെന്ന് മാത്യുവിന്‍റെ അഭിഭാഷകൻ അറിയിച്ചു.

വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി വിധി എഴുതി പൂർത്തിയാക്കാത്തതിനാൽ 19ലേക്ക് മാറ്റുകയായിരുന്നു. പിണറായി വിജയനും വീണയുമടക്കം ഏഴുപേരാണ് കേസിൽ എതിർകക്ഷികള്‍. സി.എം.ആര്‍.എല്‍ ഉടമ എസ്.എന്‍. ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍, കെ.എം.എം.എല്‍, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരാണ് മറ്റുള്ളവർ.

Tags:    
News Summary - payment received case: Judgment adjourned to 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.