തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകാതിരിക്കാൻ ഇടപെട്ടത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണെന്ന് പി.സി.ജോർജ്. ഇവരോട് ദൈവം ചോദിക്കും. സീറ്റ് കിട്ടാത്തതിൽ വിഷമമില്ല. താൻ സീറ്റിനായി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിലാണ് താൻ ബി.ജെ.പിയിൽ ചേർന്നത്. ഇപ്പോൾ തന്നെ സീറ്റ് ചോദിക്കുന്നത് ശരിയല്ല. എന്നാൽ, ബി.ജെ.പി നടത്തിയ സർവേയിൽ 95 ശതമാനം പേരും താൻ സ്ഥാനാർഥിയാകണമെന്നാണ് പറഞ്ഞത്. അനിൽ ആന്റണിയെ മണ്ഡലത്തിലെ ജനങ്ങൾക്ക് അറിയില്ല. ആന്റണിയുടെ മകൻ എന്ന് പറഞ്ഞാൽ മാത്രമേ അറിയു. അനിൽ ആന്റണിയെ ജയിപ്പിക്കാൻ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിക്കെതിരെയും ബി.ഡി.ജെ.എസിനെതിരെയും മുന്നണിയിൽ പരാതി പറയില്ല. തുഷാർ വെള്ളാപ്പള്ളിയെ കോട്ടയം ലോക്സഭ മണ്ഡലത്തിൽ ജയിപ്പിക്കാൻ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേത് അടക്കം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആദ്യ പട്ടികയിൽ കേരളത്തിൽ നിന്ന് മത്സരിക്കുന്ന 12 സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങൽ - വി. മുരളീധരൻ, പത്തനംതിട്ട - അനിൽ കെ. ആന്‍റണി, ആലപ്പുഴ - ശോഭ സുരേന്ദ്രൻ, തൃശ്ശൂർ - സുരേഷ് ഗോപി, പാലക്കാട് - സി. കൃഷ്ണകുമാർ, മലപ്പുറം - ഡോ. അബ്ദുൽ സലാം, പൊന്നാനി- നിവേദിത സുബ്രഹ്മണ്യൻ, കോഴിക്കോട് - എം.ടി. രമേശ്, വടകര - പ്രഫുൽ കൃഷ്ണൻ, കണ്ണൂർ - സി. രഘുനാഥ്, കാസർകോട് - എം.എൽ. അശ്വിനി എന്നിവരാണ് സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.