തന്നെ കൂവിയവർ തീവ്രവാദികളെന്ന് പി.സി ജോർജ്

ഈരാറ്റുപേട്ട: വോട്ട്​ ചോദിക്കാനെത്തിയപ്പോൾ നാട്ടുകാർ കൂക്കിവിളിച്ച​ സംഭവത്തിൽ രൂക്ഷവിമർശനവുമായി ജനപക്ഷം സ്ഥാനാർഥി പി.സി ജോർജ്. ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാൻ എന്‍റെ പട്ടി പോലും വരില്ല. തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ് ലിംകൾ തനിക്കൊപ്പമാണെന്നും പി.സി. ജോർജ് പറഞ്ഞു.

തീക്കോയി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ എത്തിയപ്പോഴാണ് വോട്ട്​ ചോദിക്കാനെത്തിയ പി.സി ജോർജിനെ നാട്ടുകാർ കൂക്കിവിളിച്ചത്. നാട്ടുകാരുടെ പെരുമാറ്റത്തിൽ അരിശം കയറിയ പി.സി ജോർജ്​ തിരിച്ച്​ തെറി വിളിച്ചാണ്​ മടങ്ങിയത്​.

പ്രതിഷേധിച്ച​വരോട്​ പി.സി ജോർജ്​ പറഞ്ഞതിങ്ങനെ: ''നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക്​ വോട്ടുചെയ്യുക. ​ഇല്ലെങ്കിലും കുഴപ്പമില്ല. നിന്‍റെയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്​. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട്​ പ്രാർഥിക്കാം. ഞാൻ തെരഞ്ഞെടുപ്പ്​ കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകും. ഞാൻ ഇൗരാറ്റുപേട്ടയിൽ തന്നെ കാണും''. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ്​ പി.സി ജോർജ്​ മടങ്ങിയത്​.

കഴിഞ്ഞ തവണ തനിച്ച്​ മത്സരിച്ച്​ വിജയിച്ച പി.സി ജോർജ്​ എൽ.ഡി.എഫ്​, യു.ഡി.എഫ്​ മുന്നണികൾ സ്വീകരിക്കാത്തതിനാൽ ബി.ജെ.പിക്കൊപ്പം ചേർന്നിരുന്നു. മുസ്​ലിം, ദലിത്​ വിഭാഗങ്ങൾക്കെതി​​രായ പി.സി ജോർജിന്‍റെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.


Tags:    
News Summary - PC George says those who dug him are terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.