മൂന്നാർ: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തി വന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂവരെയും പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയത്. പ്രവർത്തകരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പൊലീസ് രംഗം ശാന്തമാക്കി. രാവിലെ പത്തോടെ ദേവികുളം കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലെ ഡോ. എം. ജിനു നിരാഹാരസമരക്കാരെ പരിശോധിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിച്ചതോടെയാണ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം ആരംഭിച്ചത്.
മൂന്നാർ ഡിവൈ.എസ്.പിയുടെയും വനിത എസ്.ഐയുടെയും നേതൃത്വത്തിൽ സമരക്കാരോട് ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ പൊമ്പിളൈ ഒരുമൈ സെക്രട്ടറി രാജേശ്വരിയെയാണ് ആദ്യം ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ പന്തലിലെത്തിയ ദേവികുളം മെഡിക്കൽ ഓഫിസർ ഗോമതി, കൗസല്യ എന്നിവരെ പരിശോധിച്ച് മെഡിക്കൽ റിപ്പോർട്ട് അധികൃതർക്ക് കൈമാറി. ആരോഗ്യനില വഷളായ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റാൻ ഡി.എം.ഒ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും മണി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരുവരും സമരപ്പന്തലിൽ കിടന്നു. ഡ്രിപ് നൽകുന്നത് സംബന്ധിച്ച് ഗോമതിയോടും കൗസല്യയോടും ചർച്ചനടത്തുന്നതിനിടെ പൊലീസ് ഇരുവരെയും നാടകീയമായി ആംബുലൻസിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു.
ഗോമതിയും കൗസല്യയും വാഹനത്തിൽനിന്ന് ചാടാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലംപ്രയോഗിച്ചതോടെ വിഫലമായി. ഒപ്പം സമരപ്പന്തലിലുണ്ടായിരുന്ന ആം ആദ്മി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിയെ സംരക്ഷിക്കാൻ പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ, പൊമ്പിളൈ ഒരുൈമയുടെ സമരത്തിന് പിന്തുണയേകി കണ്ണൻ ദേവൻ കമ്പനിയിലെ ഒറ്റപ്പാറ ഡിവിഷനിൽ താമസിക്കുന്ന ശ്രീലത ചന്ദ്രൻ പന്തലിൽ എത്തി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതുമായി ബന്ധപ്പെട്ട് ഒരുമണിക്കൂറോളം മൂന്നാർ ടൗണിൽ സംഘർഷാവസ്ഥ നിലനിന്നു.
അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോമതി പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതെന്നും തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അറിയിച്ചു. സമരം തകര്‍ക്കാന്‍ പൊലീസിെൻറ തന്ത്രമാണിതെന്നും ആശുപത്രിയിലും സമരം തുടരുമെന്നും ഗോമതി വ്യക്തമാക്കി. ഡോക്ടറുടെ നിർദേശപ്രകാരമാണ് ഗോമതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൊമ്പിളൈ ഒരുമൈ സമരത്തിനെതിരെ വിവാദ പ്രസംഗം നടത്തിയ എം.എം. മണിക്കെതിരെ 23നാണ് ഗോമതിയുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ സമരം ആരംഭിച്ചത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളും പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്നാറിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.