പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ട്രഷറി സ്ട്രോങ് റൂമിൽനിന്ന് നഷ്ടപ്പെട്ട തപാൽ വോട്ടുകൾ പൂർണമായി കത്തിക്കാൻ കഴിയാതെ പോയത് തലനാരിഴക്ക്. 2022 ഫെബ്രുവരിയിൽ സ്ട്രോങ് റൂമിൽനിന്ന് പെട്ടി എടുത്ത് മലപ്പുറത്തുകൊണ്ട് പോയെങ്കിലും തുറക്കാൻ കഴിയാതെ പൂട്ടുപൊട്ടിക്കേണ്ടി വന്നെന്നാണ് സഹകരണ വകുപ്പുമായി ബന്ധപ്പെട്ട ചില ജീവനക്കാർ പറയുന്നത്.
പെട്ടി കൊണ്ടുപോയവരുടെ കൈവശം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് 121ാമത് നമ്പർ പെട്ടിയുടെ താക്കോൽ ആയതുകൊണ്ട് തുറക്കാൻ കഴിയാതാവുകയായിരുന്നു. അകത്തുള്ള മുഴുവൻ കടലാസ് കെട്ടും മലപ്പുറം ജോയന്റ് രജിസ്ട്രാർ ഓഫിസിൽ കൂട്ടിയിട്ട് പെട്ടി വീണ്ടും പെരിന്തൽമണ്ണ ട്രഷറി ഓഫിസിൽ എത്തിച്ചെങ്കിലും അവിടെ വാങ്ങിയില്ല. തിരിച്ചുകൊടുക്കണം എന്ന ധാരണയിലാണ് തിരിച്ചെത്തിച്ചത്. തുടർന്ന് സഹകരണ വകുപ്പ് പെരിന്തൽമണ്ണ എ.ആർ ഓഫിസിൽ ഈ പെട്ടി വെച്ചെന്നും പറയുന്നു.
ഇത്രയേറെ കടലാസ് കെട്ട് മലപ്പുറത്ത് ഓഫിസ് പരിസരത്ത് കത്തിക്കാൻ കഴിയാതായതോടെ പെരിന്തൽമണ്ണയിൽ കൊണ്ടുപോയി കത്തിക്കാൻ കഴിയുമോ എന്ന് ചോദിച്ചെങ്കിലും നടന്നില്ല. പിന്നീട് കണ്ടെത്തി സബ് കലക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ച് അവ തിരികെ പെരിന്തൽമണ്ണയിൽ എത്തിച്ചപ്പോൾ നൽകിയ വിശദീകരണം പെട്ടി തുറന്ന നിലയിൽ ആയിരുന്നെന്നും എന്നാൽ, കവറുകൾ സീൽ ചെയ്ത നിലയിൽതന്നെ ആയിരുന്നു എന്നുമാണ്. തപാൽ വോട്ട് ബാലറ്റ് പഴയത് എടുത്തുമാറ്റി പുതിയത് വെച്ചിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും എന്ന് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ചോദിച്ചപ്പോൾ നൽകിയ മറുപടി പെട്ടി കോടതിയിൽ തുറക്കുമ്പോൾ മാത്രമേ ഈ വിവരങ്ങൾ അറിയാൻ ആവൂ എന്നാണ്.
പൂട്ടുപൊട്ടിച്ചതും കാലിപ്പെട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിൽ ഉപേക്ഷിച്ചതും തപാൽ വോട്ടുകൾ കണ്ടെത്തിയ തിങ്കളാഴ്ച സ്ഥാനാർഥിയുടെ ഏജന്റ് സബ് കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 2021 മേയ് രണ്ടിന് വോട്ട് എണ്ണിയ വേളയിലും പിന്നീട് ഹൈകോടതിയിലും തെരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്ത് എത്തിയ ഇടതുസ്ഥാനാർഥി കെ.പി.എം. മുസ്തഫ സ്പെഷൽ തപാൽ വോട്ടുകളിൽ 348 എണ്ണം എണ്ണിയില്ല എന്ന കാര്യം പരാതിയായി ഉന്നയിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.