തിരുവനന്തപുരം: കുതിച്ചുയർന്ന പച്ചക്കറിവില പിടിച്ചുനിർത്താൻ കൃഷിവകുപ്പ് സ്വീകരിച്ച നടപടി വിജയം കണ്ടതിെൻറ പശ്ചാത്തലത്തിൽ, ഇതരസംസ്ഥാനങ്ങളിൽ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാൻ പദ്ധതി. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഒാർഗസൈസേഷനുകളിൽ നിന്നും കമ്പനികളിൽ നിന്നും ഇടനിലക്കാരെ ഒഴിവാക്കിയാണ് വാങ്ങുക. ഇതിെൻറ ഭാഗമായി കൃഷിമന്ത്രി പി. പ്രസാദിെൻറ നേതൃത്വത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് പ്രതിനിധികളുമായും അവിടത്തെ മാർക്കറ്റിങ് ഉദ്യോഗസ്ഥരുമായും ഡിസംബർ രണ്ടിന് ചർച്ച നടത്തും.
ഗുണമേന്മയുള്ള പച്ചക്കറി കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് വില കുറച്ച് വാങ്ങാനാകുമെന്നതാണ് ഇതിെൻറ സവിശേഷത. ഇതുവഴി വിലക്കുറവിൽ സർക്കാർ നിയന്ത്രണത്തിലെ ഒൗട്ട്െലറ്റുകൾ വഴി ജനങ്ങൾക്ക് ന്യായമായ വിലക്ക് പച്ചക്കറി ലഭ്യമാക്കാനാവുമെന്ന് മന്ത്രി പി. പ്രസാദ് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രാരംഭഘട്ട ചർച്ചകൾ നടന്നുവരുകയാണ്. വളരെ അനുകൂലമായ സമീപനമാണ് ഇതരസംസഥാനങ്ങളിലെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഒാർഗസൈസേഷനുകളിൽ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശക്തമായ മഴയും മോശം കാലാവസ്ഥയും കാരണം ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളുടെ വരവ് കുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് കേരളത്തിലെ പച്ചക്കറിവില കുത്തനെ ഉയർന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളം ഇതിെൻറ രൂക്ഷതയിൽ നട്ടംതിരിയുകയായിരുന്നു ജനം.
തുടർന്നാണ് പച്ചക്കറിവിലക്കയറ്റത്തിൽ കൃഷിവകുപ്പിെൻറ ഇടപെടൽ ഉണ്ടായത്. തമിഴ്നാട്, കർണാട സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി എത്തിച്ചാണ് വില പിടിച്ചുനിർത്തിയത്. പൊതുവിപണിയിൽനിന്ന് 10-40 രൂപവരെ കുറച്ചാണ് ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ വിൽപനശാലവഴി പച്ചക്കറി വിൽക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 119.5 ടൺ പച്ചക്കറിയാണ് കൃഷിവകുപ്പ് എത്തിച്ചത്. ഇതിെൻറ തുടർച്ചയായാണ് സ്ഥിരം സംവിധാനം എന്ന നിലയിൽ ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് വാങ്ങാൻ പദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.