കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്‍റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളംകൂട്ടുന്നതിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിന്‍റെ അനുമതി. ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പിന്‍റെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് റവന്യൂ വകുപ്പും അനുമതി നൽകിയിരിക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മലപ്പുറം കലക്ടർക്കാണ് ഭൂമി ഏറ്റെടുക്കൽ ചുമതല.
പടിഞ്ഞാറു വശത്ത് പള്ളിക്കൽ വില്ലേജിൽനിന്ന് ഏഴ് ഏക്കറും കിഴക്കു വശത്ത് നെടിയിരുപ്പ് വില്ലേജിൽനിന്ന് ഏഴര ഏക്കറുമാണ് ഏറ്റെടുത്ത് നൽകേണ്ടത്. പള്ളിക്കലിൽ ബ്ലോക്ക് നമ്പർ 11ൽ റീസർവേ നമ്പർ 170, 177, 178, നെടിയിരുപ്പിൽ ബ്ലോക്ക് നമ്പർ 36ൽ റീസർവേ നമ്പർ 63, 64, 65, 67, 68, 69, 70, 71 എന്നീ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും നടപടികൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് റൺവേക്ക് സമാനമായി നിരപ്പാക്കി നൽകും. ഇതിന്‍റെ ചെലവ് വിമാനത്താവള അതോറിറ്റി നൽകണം.
റവന്യൂ വകുപ്പ് അനുമതികൂടി ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാകും. ഇനി സർവേ അതിരടയാള നിയമപ്രകാരം ഭൂമി അളക്കുന്നതിനായി വിജ്ഞാപനം ഇറക്കണം. സർവേ നടത്തി ഭൂമി ഏറ്റെടുത്തു നൽകുന്നതിനായി 50 ലക്ഷം രൂപ റവന്യൂ വകുപ്പിന് സർക്കാർ അനുവദിച്ചിട്ടുണ്ട്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പരിസ്ഥിതി ആഘാത പഠനം നടത്തണം. സ്വകാര്യ ഏജൻസി തയാറാക്കി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സർവേ നടത്തുന്നതിനും തുടർ നടപടികൾക്കും സർക്കാർ ഉത്തരവ് ഇറക്കുക. അടുത്ത മാർച്ചിനകം ഭൂമി കൈമാറണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. റെസ നീളംകൂട്ടുന്നതിനൊപ്പം റൺവേ റീകാർപ്പറ്റിങ്, സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കൽ തുടങ്ങിയ നടപടികളും പൂർത്തിയാക്കും. 2023 ഡിസംബറിനകം പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് വ്യോമയാനമന്ത്രാലയം നിയോഗിച്ച സമിതി നിർദേശിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.