കൊച്ചി: പട്ടയ ഭൂമിയിലെ ചന്ദനം ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കാൻ കർഷകന് അനുമതി നൽകണമെന്ന് തൃശൂരിലെ വൺ എർത്ത് വൺ ലൈഫ്. വ്യക്തമായ വ്യവസ്ഥകളോടെ മരംമുറിക്കാൻ അനുമതി നൽകിയാൽ കർഷകർക്ക് അത് സഹായകമായിരിക്കുമെന്നും സംഘടനയുടെ ചെയർമാൻ ടോണി തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.
2017ലെ ഭൂപതിവ് ഭേദഗതിയും റവന്യൂ പട്ടയഭൂമികളിലെ ചന്ദനം ഒഴികെ മരങ്ങള്‍ മുറിക്കുന്നതിനു പട്ടയ ഉടമകളെ അനുവദിച്ചു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു 2020 മാര്‍ച്ച് 11നു പുറപ്പെടുവിച്ച സർക്കുലറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അദ്ദേഹം ഹരജി നൽകിയത്. വേണുവിൻെറ സർക്കുലർ ഇറങ്ങിയതിന് ശേഷാണ് പി.എച്ച്. കുര്യൻെറ വിജ്ഞാപനം 'വൺ എർത്ത് വൺ ലൈഫ്' എന്ന സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടത്.
വിജ്ഞാപനത്തിലും തുടർന്നുള്ള സർക്കുലറിലും ഏറെ അവ്യക്തതയുണ്ടെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. കേസ് കോടതിയിൽ ഇപ്പോഴും തുടരുകയാണ്. 1964 ലെ ഭൂ പതിവ് ചട്ടമനുസരിച്ച് പട്ടയം നൽകിയ ഭൂമി റവന്യൂ ഭൂമിയാണ്. അവിടെ എന്തു സംഭവിച്ചാലും പരിശോധിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും റവന്യൂ വകുപ്പാണ്.
നിലവിലെ ചട്ടങ്ങൾ അതേപടി സർക്കാർ പിന്തുടർന്നാൽ കൃഷിക്കാർ ഈട്ടി അടക്കം പുതിയ മരങ്ങൾ പട്ടയഭൂമിയിൽ കിളിർത്ത് വളരാൻ അനുവദിക്കുന്നില്ല.
ഈട്ടി തൈ മുളച്ച് വന്നാൽ കർഷകൻ മുറിച്ച് കളയും. കാരണം അത് വളർന്നു വന്നാൽ കർഷകർക്ക് മുറിക്കാൻ അവകാശമില്ല. ആ മരം സർക്കാരിന് അവകാശപ്പെട്ടതാണ്. അതിനാൽ പുതിയ തൈ മുളച്ച് വരുന്നില്ല. ചന്ദനം ഉൾപ്പെടെ വെട്ടി വിൽക്കാൻ കർഷകന് അവകാശം നൽകണം. മരങ്ങൾ മുറിക്കുന്നതിന് സർക്കാർ വ്യക്തമായ വ്യവസ്ഥയുണ്ടാക്കണം. അതിന് പകരം മരക്കച്ചടക്കാർക്കും ഉദ്യോഗസ്ഥർക്കും സഹായം നൽകുന്ന ഉത്തരവ്കൊണ്ട് കർഷകർക്ക് പ്രയോജനം ഉണ്ടാവില്ല.
സർക്കാർ കാലത്തിനൊത്ത് ചട്ടങ്ങളിൽ മാറ്റം വരുത്തണം. 2017 ലെ ഭേദഗതി പരിശോധിച്ചാൽ സർക്കാർ പറയുന്നതെന്തെന്ന് വ്യക്തമല്ല. ഏതെല്ലാം ചട്ടങ്ങൾ മാറ്റിയെന്ന് സർക്കാർ വ്യക്തമായി പറയണം. പി.എച്ച്. കുര്യന്‍റെ വിജ്ഞാപനവും ഡോ. വി. വേണുവിന്‍റെ സർക്കലറും വായിച്ചാൽ ഏത് ചട്ടമാണ് മാറ്റിയതെന്നോ പൂർണമായി ഒഴിക്കിയതെന്നോ വ്യക്തമല്ല. 1964 ലെ ഭൂപതിവ് ചട്ടമാണോ 1993ലെ പ്രത്യേക പതിവ് ചട്ടമാണോ ഭേദഗതി ചെയ്തതെന്ന പോലും ആർക്കും മനസിലാകുന്നില്ല. ഇക്കാര്യത്തിൽ അവ്യക്തതയുണ്ടാക്കുന്ന വിജ്ഞാപനമാണ് ഇറക്കിയത്. ഗവ. പ്ലീഡറും ഇക്കാര്യം ഹൈകോടതിയിൽ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായ മരം സംരക്ഷിക്കുന്നതിന് സർക്കാർ കർഷകർക്ക് നിശ്ചിത സംഖ്യ സർക്കാർ നൽകണം. അങ്ങനെ മരങ്ങൾ സംരക്ഷിക്കാനും കഴിയും. പട്ടയഭൂമിയിലെ കര്‍ഷകര്‍ക്ക് മരങ്ങളില്‍ അവകാശവും മുറിച്ചുവില്‍ക്കാനുള്ള അനുമതിയും നൽകണം. അതിന് സർക്കാർ വ്യക്തമായി വ്യവസ്ഥയുണ്ടാക്കിയാൽ ഉദ്യോഗസ്ഥർക്കും മരകച്ചവടക്കാർക്കും തട്ടിപ്പ് നടത്താൻ കഴിയില്ലെന്ന് ടോണി തോമസ് പറഞ്ഞു.
വിജ്ഞാപനവും സർക്കുലറും റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസ് ഇപ്പോഴും ഹൈകോടതിയാണ്. ഈ കേസിൽ സർക്കാർ ഭാഗത്ത് നിന്ന് എതിർ സത്യവാങ്മൂലം നൽകിയിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തക്കുറിച്ച് പുതിയ കാഴ്ചപ്പാട് ഉണ്ടാകണമെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. കർഷകരാണ് മരങ്ങൾ സംരക്ഷിക്കേണ്ടവർ. അവർ മരങ്ങൾ വെച്ച് പിടിപ്പിച്ച് അവ മുറിച്ച് വിൽക്കട്ടെ. അതിനുള്ള പ്രോൽസാഹനം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവണം. എന്നാൽ മരം മുറിക്കുന്നതിന് വ്യക്തമായി വ്യസ്ഥ വേണം. അത് സുതാര്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.