കൊച്ചി: പൊതുസ്ഥലങ്ങളിൽ കേബിളുകൾ സ്ഥാപിക്കുന്നതിനുമുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്‍റെയും പൊലീസിന്‍റെയും അനുമതി വാങ്ങണമെന്ന് മനുഷ്യാവകാശ കമീഷൻ. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി കേബിളുകൾ അപകടകരമല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായും അപകടകരമായും സ്ഥാപിച്ച കേബിളുകൾ തദ്ദേശ സ്ഥാപനങ്ങൾ നീക്കണമെന്നും ഉത്തരവിൽ പറയുന്നു. ചെമ്പുമുക്ക് പള്ളിക്ക് സമീപം കഴുത്തിൽ കേബിൾ കുരുങ്ങി ഇക്കഴിഞ്ഞ ജൂൺ 25 ന് സ്കൂട്ടർ ഓടിച്ചിരുന്ന അലൻ ആൽബർട്ട് എന്ന യുവാവ് മരിച്ച സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
തൃക്കാക്കര നഗരസഭ സെക്രട്ടറി, അസിസ്റ്റൻറ് കമീഷണർ എന്നിവരിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. അലക്ഷ്യവും അനധികൃതവുമായി സ്ഥാപിച്ച കേബിളുകൾ നീക്കുമെന്ന് നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു. റിലയൻസ് കമ്പനിയുടെ കേബിൾ കുരുങ്ങിയാണ് യുവാവ് മരിച്ചതെന്ന് തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമീഷണർ കമീഷനെ അറിയിച്ചു. എന്നാൽ, സ്ഥാപനത്തിന്‍റെ ഓഫിസ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അലക്ഷ്യമായി സ്ഥാപിച്ച കേബിളുകൾ നീക്കാൻ ഉദ്യോഗസ്ഥർ യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കിൽ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു. അപകടത്തിന് കാരണമായ കേബിളിന്‍റെ ഉടമകളായ റിലയൻസ് ജിയോ ഇൻഫോ കോം ലിമിറ്റഡിന്‍റെ അധികാരികളെ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ഖേദകരമാണ്.
പൊതുസ്ഥലങ്ങളിൽ കേബിൾ സ്ഥാപിക്കാൻ നിയന്ത്രണവും മാനദണ്ഡവും സർക്കാർ ഏർപ്പെടുത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, തൃക്കാക്കര പൊലീസ് അസി. കമീഷണർ എന്നിവർക്കാണ് ഉത്തരവ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.