തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വ്യക്തിപരമായ വിവാദങ്ങൾ ഉയർത്തേണ്ടെന്നും വികസനവും ഇടതുരാഷ്ട്രീയവും പറഞ്ഞുള്ള പ്രചാരണം ശക്തിപ്പെടുത്തിയാൽ മതിയെന്നും സി.പി.എം തീരുമാനം. ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദവും വിശുദ്ധപദവി ചർച്ചയും ഉന്നയിച്ചത് വിപരീത ഫലമാണ് ചെയ്തതെന്ന് ഞായറാഴ്ച ചേർന്ന സംസ്ഥാന സമിതി വിലയിരുത്തി. വരുംദിവസങ്ങളിൽ പ്രചാരണ വേദികളിലും സാമൂഹിക മാധ്യമങ്ങളിലും നേതാക്കൾ അത്തരം വിഷയങ്ങൾ ഉന്നയിക്കില്ല.
തൃക്കാക്കര പാഠം ഉൾക്കൊണ്ട് പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്പടിച്ചുള്ള പ്രചാരണം നടത്തില്ല. തൃക്കാക്കരയിൽ മന്ത്രിമാർ കൂട്ടത്തോടെ വീടുകയറി പ്രചാരണം നടത്തിയിട്ടും വൻ തോൽവി നേരിട്ടത് ഇടതുമുന്നണിക്കും സർക്കാറിനും കനത്ത ക്ഷീണമായിരുന്നു. ആഗസ്റ്റ് 31ന് ശേഷം അവസാന ഘട്ടത്തിൽ മന്ത്രിമാർ ഊഴം നിശ്ചയിച്ച് പ്രചാരണം നടത്തും. രണ്ടുഘട്ടമായി രണ്ടുദിവസമായിരിക്കും മുഖ്യമന്ത്രിയുടെ പ്രചാരണം. ആഗസ്റ്റ് 24നെത്തുന്ന പിണറായി വിജയൻ അയർകുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ വോട്ടർമാരെ കാണും. 31ന് ശേഷം ഒരിക്കൽ കൂടി അദ്ദേഹം പ്രചാരണം നയിക്കാനെത്തും. സ്ഥാനാർഥി പ്രഖ്യാപന ശേഷമുള്ള മണ്ഡലത്തിന്റെ സാഹചര്യം സംബന്ധിച്ച് കോട്ടയം ജില്ല കമ്മിറ്റി റിപ്പോർട്ട് യോഗം പരിശോധിച്ചു. പുതുപ്പള്ളി ജയിക്കാൻ കഴിയാത്ത മണ്ഡലമല്ലെന്നാണ് വിലയിരുത്തൽ.
ഉമ്മൻ ചാണ്ടിയുടെ ഓർമകൾ തളംകെട്ടിനിൽക്കുന്ന പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കാമെന്ന് കണക്കുകൂട്ടിയാണ് ചികിത്സ വിവാദം സി.പി.എം കുത്തിപ്പൊക്കിയത്. കുടുംബവും പാർട്ടിയും ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചപ്പോൾ പിണറായി വിജയൻ ഇടപെട്ടെന്ന് വരുത്താനായിരുന്നു സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയുടെ വിശുദ്ധ പദവി ചർച്ചയിൽ മതത്തെയും വിശ്വാസത്തെയും കൂട്ടിക്കലർത്തുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി വിശുദ്ധനല്ലെന്നും അനിൽകുമാർ പ്രതികരിച്ചു. കണക്കൂട്ടിയ പ്രതികരണമല്ല, രണ്ടുവിഷയത്തിലും പൊതുവിലുണ്ടായത്.
അന്തരിച്ച നേതാവിനെക്കുറിച്ച് വീണ്ടും അനാവശ്യവിവാദം കുത്തിപ്പൊക്കുന്നതിൽ ജനവികാരം എതിരാണെന്ന് പാർട്ടി തിരിച്ചറിഞ്ഞു.
അനിൽകുമാറിന്റെ പരാമർശം മറ്റ് നേതാക്കളാരും ഏറ്റുപിടിക്കാതിരുന്നത് അതുകൊണ്ടാണ്. ഇടതുസർക്കാർ ഉമ്മൻ ചാണ്ടിക്കെതിരെ കൊണ്ടുവന്ന കേസും വിവാദങ്ങളും ചർച്ചയാക്കാൻ കോൺഗ്രസ് അനിൽകുമാറിന്റെ പരാമർശം ആയുധവുമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.