കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർഥി രാഷ്ട്രീയം തടയണമെന്നും അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ ചായ്വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരാക്കുകയും വേണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹരജി നൽകിയിരിക്കുന്നത്.
സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിലും സമാന നടപടികളുണ്ടാകണമെന്നതടക്കം ആവശ്യങ്ങൾ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. കാമ്പസുകളിലും ഹോസ്റ്റലുകളിലും രാഷ്ട്രീയ പ്രവർത്തനത്തിന് വിദ്യാർഥികൾക്ക് അവകാശമില്ലെന്ന് ഹരജിയിൽ പറയുന്നു. പുതിയ തലമുറയെ രാഷ്ട്രീയത്തിന് പിന്നാലെ വിടുന്നതിന് പകരം അവർക്ക് മൂല്യമുള്ള വിദ്യാഭ്യാസം നൽകുകയാണ് വേണ്ടത്. അക്രമത്തിലേക്ക് വഴിമാറുന്നതിനാൽ പല വിദ്യാർഥികളും കാമ്പസ് രാഷ്ട്രീയത്തിന്‍റെ ഇരയായി മാറുന്നു.
വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതിനാൽ തലച്ചോർ മരവിച്ച അവസ്ഥയിലാകും രാജ്യം. എല്ലാ ഹോസ്റ്റലുകളിലും വാർഡന്മാരെ നിയമിക്കണമെന്നും ചാൻസലർ, ചീഫ് സെക്രട്ടറി, സർവകലാശാല മേധാവികൾ, വിദ്യാർഥി സംഘടനകൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.