എ.ഐ കാമറ അഴിമതി കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ഹരജി

കൊച്ചി: എ.ഐ കാമറ ഇടപാടിലെ അഴിമതി കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. കരാർ ലഭിച്ച കെൽട്രോണിന്‍റെ യോഗ്യത അന്വേഷിക്കണമെന്നും പദ്ധതിക്ക് സർക്കാർ നൽകിയ ഭരണാനുമതിയും സമഗ്ര ഭരണാനുമതിയും റദ്ദാക്കണമെന്നുമടക്കം ആവശ്യപ്പെട്ടാണ് ഹരജി. എ.ഐ കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

236 കോടി രൂപ ചെലവിട്ട് ബി.ഒ.ഒ.ടി (ബിൽഡ്, ഓൺ, ഓപറേറ്റ് ആൻഡ് ട്രാൻസ്‌ഫർ) മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിക്കായി കെൽട്രോൺ തയാറാക്കിയ ഡി.പി.ആർ ധനവകുപ്പ് തള്ളിയതാണ്. പദ്ധതിക്കുവേണ്ട സാങ്കേതിക പരിജ്ഞാനം കെൽട്രോണിനില്ല. ബി.ഒ.ഒ.ടി പ്രകാരമുള്ള പദ്ധതിക്ക് ഇടക്കിടെ തുക നൽകേണ്ടതില്ലെങ്കിലും ഈ പദ്ധതിക്ക് മൂന്നുമാസം കൂടുമ്പോൾ 11.79 കോടി രൂപ നൽകേണ്ടതുണ്ട്. ഇലക്ട്രോണിക് മൊഡ്യൂളുകൾ, സോഫ്റ്റ്വെയർ തുടങ്ങിയവക്കുള്ള ടെൻഡറിൽ എസ്.ആർ.ഐ.ടിയും ഇതിന്‍റെ പ്രോക്സികളായ മൂന്ന് കമ്പനികളുമാണ് പങ്കെടുത്തത്.

151.10 കോടിക്കാണ് കെ-ഫോൺ പദ്ധതിയിൽ മാത്രം പരിചിതരായ എസ്.ആർ.ഐ.ടിക്ക് കരാർ നൽകിയത്. ഇത് മറ്റൊരു കുംഭകോണമാണ്.

ഒറ്റ കമ്പനിയെന്ന നിലയിലാണ് എസ്.ആർ.ഐ.ടി ടെൻഡറിൽ പങ്കെടുത്തത്. പ്രസാഡിയോ കമ്പനിയും അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയും 2020 സെപ്റ്റംബർ 12നാണ് ഇതിന്‍റെ ഭാഗമായത്. ടെൻഡർ ലഭിച്ചശേഷമാണ് കൺസോർട്യം രൂപവത്കരിച്ചത്. നടപടി സുതാര്യമല്ലെന്നുകണ്ട് അൽഹിന്ദ് കമ്പനി പിന്മാറി. ഇതേതുടർന്ന് കരാർ ഭേദഗതി അനിവാര്യമായിരുന്നെങ്കിലും ഇത് ചെയ്തില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മറ്റും വേണ്ടി കെൽട്രോണും എസ്.ആർ.ഐ.ടിയും തമ്മിൽ ഉണ്ടാക്കിയ കരാറും പദ്ധതി നടത്തിപ്പിന് മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമാണ്. അതിനാൽ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സേഫ് കേരള പദ്ധതി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എൻ.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി ചൊവ്വാഴ്ച പരിഗണിച്ചേക്കും.

Tags:    
News Summary - Petition to investigate AI camera scam under court supervision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.