കാട്ടാക്കട: സ്കൂളിന് മുന്നിലെ വെയിറ്റിങ് ഷെഡിലിരുന്ന വിദ്യാർഥികള്‍ക്കുനേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിന് മുന്നിൽ ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സ്കൂൾ വിദ്യാർഥികൾ യുവാവിനെ പരിഹസിച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് ബോംബേറിൽ കലാശിച്ചത്. പെട്രോൾ ബോംബ് വെയിറ്റിങ് ഷെഡിന്‍റെ ഭിത്തിയിൽ തട്ടി പുറത്തുവീണ് പൊട്ടിയതിനാൽ ആര്‍ക്കും പരിക്കില്ല.
ഉത്തരംകോട് സ്വദേശിയായ നിഖില്‍ (22) ആണ് ബോംബെറിഞ്ഞത്. വൈകീട്ട് മൂന്നരയോടെ ബസില്‍ സ്കൂളിന് മുന്നിലിറങ്ങിയ നിഖിലിനെ വെയിറ്റിങ് ഷെഡിലിരുന്ന 15ഓളം പ്ലസ് ടു വിദ്യാഥികളുടെ സംഘം കളിയാക്കി. അരിശംപൂണ്ട നിഖില്‍ വിദ്യാർഥി സംഘത്തിലൊരുവനെ മര്‍ദിക്കാനൊരുങ്ങി. ഇതിനിടെ വിദ്യാർഥി സംഘം നിഖിലിനെ വളഞ്ഞിട്ട് മര്‍ദിച്ചു. രക്ഷപ്പെട്ട നിഖില്‍ നാലരയോടെ കോട്ടൂര്‍ സ്വദേശിയായ യുവാവിന്‍റെ ബൈക്കിന് പിന്നിലിരുന്ന് സ്കൂളിന് മുന്നിലെത്തിയശേഷം പെട്രോള്‍ ബോംബെറിഞ്ഞ് കടന്നുകളയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഉഗ്രശബ്ദംകേട്ട് ബസ് കാത്തിരുന്ന വിദ്യാർഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവിളിച്ചോടി.
5 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് പരീക്ഷയായിരുന്നു. ഇതിനിടെയായിരുന്നു സ്കൂളിന് പുറത്ത് ഉഗ്രശബ്ദം കേട്ടതെന്ന് വിദ്യാർഥികളും അധ്യാപകരും പറയുന്നു. സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.