കോഴിക്കോട് മീഞ്ചന്തയിലെ പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ നോട്ടീസ് പതിക്കുന്നു

പി.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചുപൂട്ടി

കോഴിക്കോട്: കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചുപൂട്ടി. ചക്കുംകടവിൽ കാമ്പസ് ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫിസ്, കോഴിക്കോട് എ.ജി റോഡിലെ പി.എഫ്.ഐ സൗത്ത് ജില്ല ഓഫിസ്, ഇസ്ലാമിക് യൂത്ത് സെന്‍ററിലെ രണ്ട് ഓഫിസുകൾ എന്നിവയും അടച്ചുപൂട്ടി.

മീഞ്ചന്തയിലെ പി.എഫ്.ഐ ആസ്ഥാനത്ത് യു.എ.പി.എ ആക്ട് പ്രകാരം എൻ.ഐ.എ ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചു. കോഴിക്കോട് റൂറലിൽ വടകര, തണ്ണീർ പന്തൽ, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പി.എഫ്.ഐയുടെ ഓഫിസുകളും അടച്ചുപൂട്ടി.തലസ്ഥാന ജില്ലയിൽ മൂന്ന് ഓഫിസുകള്‍ പൂട്ടി മുദ്രവെച്ചു. അഴിക്കോട്, പാങ്ങോട്, ബാലരാമപുരം എന്നിവിടങ്ങളിലെ ഓഫിസുകളാണ് പൊലീസ് പൂട്ടിയത്. മണക്കാട് ജില്ല കമ്മിറ്റി ഓഫിസിൽ പൊലീസ് പരിശോധന നടത്തി. ഒരു ട്രസ്റ്റിന്‍റെ പേരിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഓഫിസ് എന്നതിനാൽ ആദ്യം നടപടിയൊന്നും കൈക്കൊണ്ടില്ല.

പത്തനംതിട്ട ജില്ലയിലെ പി.എഫ്.ഐ ഓഫിസുകൾ പൊലീസ് പൂട്ടി, നോട്ടീസ് പതിച്ചു. അടൂർ പറക്കോട്ടെ ജില്ല കമ്മിറ്റി ഓഫിസ്, പത്തനംതിട്ട, പന്തളം, എന്നിവിടങ്ങളിലെ ഏരിയ കമ്മിറ്റി കെട്ടിടങ്ങളുമാണ് മുദ്ര വെച്ചത്.

കണ്ണൂർ താണയിലെ പി.എഫ്.ഐ ജില്ല കമ്മിറ്റി ഓഫിസും കാമ്പസ് ഫ്രണ്ട് ഓഫിസും അന്വേഷണ സംഘം പൂട്ടി മുദ്രവെച്ചു. കൊച്ചിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘത്തിന്‍റെ നടപടി.

പി.എഫ്.ഐ കാസർകോട് ജില്ല കമ്മിറ്റി ഓഫിസ് ദേശീയ അന്വേഷണ ഏജൻസി മുദ്രവെച്ചു. ചെങ്കള ഗ്രാമപഞ്ചായത്തിലെ നായന്മാർമൂല പെരുമ്പളക്കടവ് പാലത്തിനു സമീപത്തെ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ജില്ല കമ്മിറ്റി ഓഫിസാണ് സീൽ ചെയ്തത്

11 പ്രതികളുടെ റിമാൻഡ് നീട്ടി

കൊച്ചി: പി.എഫ്.ഐ കേസിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ 11 പ്രതികളുടെ റിമാൻഡ് നീട്ടി. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം ഹാജരാക്കിയപ്പോഴാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി റിമാൻഡ് ഒക്ടോബർ 20 വരെ നീട്ടിയത്.

നജുമുദ്ദീൻ, ടി.എസ്. സൈനുദ്ദീൻ, യഹിയ കോയ തങ്ങൾ, കെ. മുഹമ്മദലി എന്ന കുഞ്ഞാപ്പു, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ, കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ് എന്നിവരാണ് പ്രതികൾ. ഇവരെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി.

പെരിയാര്‍വാലി കാമ്പസ് ഏറ്റെടുക്കൽ: പൊലീസ് നടപടി പൂർത്തിയായി

ആലുവ: പി.എഫ്.ഐ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി കാമ്പസിന്‍റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ പൂർത്തിയായി. വ്യാഴാഴ്ച രാത്രി എന്‍.ഐ.എയുടെ നേതൃത്വത്തിൽ തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് നടപടി പൂർത്തിയാക്കിയത്

Tags:    
News Summary - PFI state committee office closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.