ഫോ​ൺ​വി​ളി വിവാദം; വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ട് എ.ജി. സുരേഷിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കൊലക്കേസ്‌ പ്രതിക്ക്‌ ജയിലിൽ അനധികൃതമായി ഫോൺ ചെയ്യാൻ സഹായം ഒരുക്കി കൊടുത്തതിനും പ്രമാദമായ കേസുകളിലെ തടവുകാർക്ക്‌ വഴിവിട്ട്‌ സഹായം ചെയ്യുകയും ചെയ്‌തതിന്‌ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്‌ എ.ജി. സുരേഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. ജയിൽ മേധാവി ഷേക്‌ ദർവേഷ്‌ സാഹെബിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ്‌ സർക്കാർ നടപടി. ഇത് അഞ്ചാംതവണയാണ്‌ എ.ജി. സുരേഷിന്‌ സസ്‌പെൻഷൻ.

വിയ്യൂർ ജയിലിലെ ജോയിന്‍റ്  സൂപ്രണ്ട്‌ രാജു എബ്രഹാമിനെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി.

വിയ്യൂർ ജയിലിൽ തടവുകാർ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിതായി തൃശൂർ സിറ്റി പൊലീസ്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. തുടർന്ന്‌ ഉത്തര മേഖലാ ഡി.ഐ.ജിയുടെ അന്വേഷണത്തിൽ ജയിൽ സൂപ്രണ്ട്‌ എ.ജി. സുരേഷ്‌ നടത്തിയ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഫോൺ വിളിച്ച കൊലക്കേസ്‌ പ്രതി റഷീദ്‌ സൂപ്രണ്ടിന്‍റെ ഓർഡർലിയായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലും നേരത്തെ അതി സുരക്ഷാ ജയിലിലും ചട്ടം ലംഘിച്ച്‌ കുളം നിർമിച്ചതായും വെൽഫെയർ ഫണ്ട്‌ തിരിമറി ചെയ്‌തതായും കണ്ടെത്തി. ഡി.ഐ.ജിയുടെ റിപ്പോർട്ടിനെ തുടർന്നാണ്‌ ജയിൽ മേധാവി സസ്‌പെന്‍റ് ചെയ്‌ത്‌ പൊലീസ്‌, വിജിൻസ്‌ അന്വേഷണത്തിന്‌ റിപ്പോർട്ട്‌ നൽകിയത്‌.

എ.ജി. സുരേഷ്‌ ജയിൽ വകുപ്പിൽ ക്ലർക്കായിരിക്കെ രണ്ട്‌ തവണ സസ്‌പെൻഷനിലായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥനായിരിക്കെ മൂന്നാമതും, ചീമേനി തുറന്ന ജയിലിൽ സൂപ്രണ്ടായിരിക്കെ ജയിലിൽ ഗോപൂജ നടത്തിയതിന്‌ നാലാമതും സസ്‌പെൻഷനിലായി. ഇതിന്‌ പിന്നാലെയാണ്‌ അഞ്ചാമത്തെ സസ്‌പെൻഷൻ.

എ.ജി. സുരേഷിന്‌ പകരം ചീമേനി തുറന്ന ജയിൽ സൂപ്രണ്ട്‌ ആർ. സാജനെ വിയ്യൂരിലും തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്‌ സുധീറിനെ ചീമേനിയിലും മാറ്റി നിയമിച്ചു. തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്‍റെ ചുമതല സീനിയർ ജോയിന്‍റ് സൂപ്രണ്ട്‌ കെ.വി. ബൈജുവിന്‌ നൽകി.

Tags:    
News Summary - Phone call controversy; Superintendent A.G. Suresh has been suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.