കോഴിക്കോട്: ‘മാധ്യമം’ ആദ്യകാല ഫോട്ടോഗ്രാഫറും കേരളത്തിലെ മുതിർന്ന ഫോട്ടോ ജേണലിസ്റ്റുമായിരുന്ന സി. ചോയിക്കുട്ടി (79) അന്തരിച്ചു. കക്കോടി കൂടത്തും പൊയിലിന് സമീപം കയ്യൂന്നിമ്മൽ താഴം വീട്ടിൽ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം.
സംവിധായകനും കാമറാമാനുമായ എ. വിൻസെന്‍റിന്‍റെ കോഴിക്കോട്ടെ ചിത്ര സ്ററ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം. ‘മാധ്യമം’ ആരംഭിച്ച 1987ൽ തന്നെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി തുടങ്ങി. അതിന് മുമ്പ് കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാ കൗമുദി എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു.
കേരളം ചർച്ച ചെയ്ത നിരവധി സംഭവങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തി. കോഴിക്കോട് പൊലീസ് ലോക്കപ്പിൽ കുഞ്ഞീബിയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന മാധ്യമത്തിൽ വന്ന പടം വൻ കോളിളക്കമുണ്ടാക്കി. നഗരത്തിലെ കലാ സംസ്കാരിക പരിപാടികളിലെ സ്ഥിര സാന്നിധ്യമായിരുന്നു. സംവിധായകനും കാമറാമാനുമായ എ. വിൻസെന്‍റിന്‍റെ കോഴിക്കോട്ടെ ചിത്ര സ്റ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം. അനാഥ മന്ദിരത്തിലെയും ഗോത്ര വർഗക്കാരുടെയുമെല്ലാം കുട്ടികളെ സൗജന്യമായി ഫോട്ടോയെടുക്കാൻ പഠിപ്പിച്ചു. ഫോട്ടോഗ്രഫിയിലെ സകല മേഖലകളെപ്പറ്റിയും അവസാന കാലംവരെ പഠിച്ചു കൊണ്ടിരുന്നു.
‘മാധ്യമ’ത്തിൽ നിന്ന് വിരമിച്ച ശേഷം ലൈറ്റ് ആൻഡ് ലെൻസ് അക്കാദമി ഫോട്ടോഗ്രാഫി പഠന ഗവേഷണ കേന്ദ്രം തൊണ്ടയാട്ട് തുടങ്ങി. നിരവധി പ്രമുഖ കാമറാമാൻമാരുടെ ഗുരുവാണ്. പത്രമേഖലകളിലടക്കം വിവിധ മേഖലകളിലായി എണ്ണമറ്റ ശിഷ്യ ഗണമുണ്ട്.
പിതാവ്: കേളുക്കുട്ടി. മാതാവ്: അമ്മാളു. ഭാര്യ: വി.പി. രോഹിണി (ബീച്ച് ഗവ. ആശുപത്രി). മക്കൾ: ഷനോജ് (പ്രൊപൈറ്റർ, മിലൻ അഡ്വൈടൈസിങ്), രേഖ (ബ്രാഞ്ച് മാനേജർ, സി.എഫ്.സി.ഐ.ടി.ഐ). മരുമക്കൾ: നിഷില, പരേതനായ ദിലിപ് കുമാർ. സഹോദരങ്ങൾ: രവി, സുലോചന, ജ്യോതി, പരേതരായ രാജൻ, ചന്ദ്രൻ, രാധ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.