കണ്ണൂർ: സിൽവർലൈൻ വിഷയത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടപ്പോൾ ആരോഗ്യകരമായ സമീപനമായിരുന്നു സ്വീകരിച്ചത്. അദ്ദേഹത്തിെൻറ കീഴിലുള്ള മന്ത്രിസഭയിലെ അംഗമായ മുരളീധരൻ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല.
പദ്ധതിയോടുള്ള ജനങ്ങളുടെ മനോഭാവമെന്താണെന്ന് നമ്മുടെ കേന്ദ്രമന്ത്രിക്ക് നേരിട്ട് അനുഭവപ്പെടുന്ന ദൃശ്യങ്ങൾ കാണാനിടയായി. ഇങ്ങനെയുള്ള കേന്ദ്രമന്ത്രിമാരുണ്ടായാൽ എന്താവും സ്ഥിതിയെന്നും ഏതെങ്കിലുമൊരു കേന്ദ്രമന്ത്രി ഏതെങ്കിലുമൊരു സംസ്ഥാനത്തിെൻറ പദ്ധതിയെ തകർക്കുന്നതിനായി നാട്ടിലിറങ്ങി പ്രവർത്തിക്കുമോ എന്നും പിണറായി ചോദിച്ചു.
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിെൻറ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ നല്കുന്ന പിന്തുണയാണ് സർക്കാറിെൻറ കരുത്ത്.
കേരളത്തിന്റെ ഖജനാവ് അത്ര നല്ല നിലയിലല്ല. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിഹിതം വെട്ടിക്കുറക്കുമ്പോൾ പ്രതിപക്ഷം നിശ്ശബ്ദമാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധാരണക്കാരെ വിശ്വസിപ്പിച്ച് എം.പിയായവര്‍ പാര്‍ലമെന്റില്‍ പോയി ഒന്നും സംസാരിച്ചില്ല. സാമൂഹികാഘാത പഠനത്തിെൻറ ഭാഗമായാണ് സിൽവർലൈൻ അലൈൻമെന്റ് അടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കേണ്ടത്. പഠനം നടത്താൻ സമ്മതിക്കില്ലെന്നുപറയുന്നത് നിഷേധാത്മക നിലപാടാണ്. നാടിന്റെ വികസനത്തിന് ഒരു പക്ഷപാതവും എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിച്ചില്ല. കിഫ്ബിയെ സാമ്പത്തിക സ്രോതസ്സായി കണ്ടപ്പോൾ പ്രതിപക്ഷത്തിന് പരിഹാസമായിരുന്നു. എന്നാൽ, ഇപ്പോൾ കേരളത്തില്‍ 62,000 കോടി രൂപയുടെ കിഫ്ബി പദ്ധതി തയാറാക്കി കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം.വി. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നടത്തുന്ന ഇടപെടലുകൾ ഫെഡറൽ തത്വത്തിെൻറ ലംഘനം കൂടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര സർക്കാറിെൻറ തത്വത്തിലുള്ള അനുമതി നേടിയശേഷമാണ് സിൽവർ ലൈനിെൻറ സർവേ നടപടി ആരംഭിച്ചത്. കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ ഒരു പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി തന്നെ പ്രചാരണം നടത്തുന്ന വിരോധാഭാസമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായത്. സാമൂഹികാഘാത പഠനത്തിന് സുപ്രീംകോടതിയും അനുമതി നൽകിയിട്ടുണ്ട്.
വികസന താൽപര്യമുള്ള ജനത സങ്കുചിത രാഷ്ട്രീയ നാടകങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുമെന്നതിെൻറ തെളിവുകൂടിയാണ് മുരളീധരനെതിരായി ഉയർന്ന പ്രതിഷേധം. വലിയ തോതിലുള്ള ഇന്ധനവില വർധന ഉൾപ്പെടെ ജനകീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ വികസനത്തെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് കേന്ദ്ര മന്ത്രി നടത്തുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.