കായംകുളം: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള രാജ്യഭരണത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ കാണാതാകുന്നതിൽ ഏറെ ദുരൂഹതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ആലപ്പുഴ ജില്ല സമ്മേളന ഭാഗമായ പൊതുസമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അരക്ഷിതാവസ്ഥ വർധിക്കുകയാണ്. സ്വന്തം പക്ഷത്തുള്ള തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത അവസ്ഥക്ക് മറ്റൊരു മാനമുണ്ട്. ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ ശ്രദ്ധ ഇപ്പോൾ എങ്ങോട്ടാണ്. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത് ഫെഡറലിസത്തെ തകർക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തണമെന്ന ആർ.എസ്.എസ് നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്തിരുന്ന പ്ലാനിങ് ബോർഡ് ഇല്ലാതാക്കിയത് ഇതിെൻറ ഭാഗമാണ്. പാർലമെൻററി സംവിധാനങ്ങളും തകർക്കാൻ ശ്രമമുണ്ട്.
സാമ്രാജ്യത്വത്തിന് രാജ്യത്തെ പൂർണമായി അടിയറെവച്ചു. സാമ്പത്തിക പരമാധികാരം എടുത്തുകളഞ്ഞ് റിസർവ് ബാങ്കിനെ നോക്കുകുത്തിയാക്കാൻ ശ്രമിക്കുന്നു. രാജ്യത്തിെൻറ മൂല്യങ്ങളെ ആകെ തകർക്കുകയാണ്. മതനിരപേക്ഷത അടക്കമുള്ളവ തകർക്കുകയെന്ന ആർ.എസ്.എസ് നയം ബി.ജെ.പി മന്ത്രിമാർ നടപ്പാക്കുന്നു. അപകടകാരികളായ ബി.ജെ.പിയെ താഴെയിറക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും വിശാലസഖ്യം വേണം.
നവ ഉദാരീകരണ നയങ്ങളിലൂടെ രാജ്യത്തെ ബി.ജെ.പിക്ക് കൈമാറിയ കോൺഗ്രസുമായി ഇൗ വിഷയത്തിൽ എങ്ങനെ സഹകരിക്കാൻ കഴിയും. നവ ഉദാരീകരണ നയക്കാരുമായി ഒരു സഖ്യവുമില്ല. എന്നാൽ, വിശാല മതേതരചേരി രൂപപ്പെടുത്തിയാൽ അതിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു, സി.കെ. സദാശിവൻ, പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.