കടയ്ക്കൽ: നാടിന്റെ അഭിവൃദ്ധിയും ജനങ്ങളെയും മുന്നില്‍ക്കണ്ടുള്ള നയമാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കടയ്ക്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ചടയമംഗലം മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ അവകാശമായ കടമെടുപ്പിൽ കേന്ദ്രം ഭരണഘടനാവിരുദ്ധമായി ഇടപെടുന്നു. സംസ്ഥാനത്തിന് ആവശ്യമായ തുകയില്‍ വലിയ കുറവ് വരുത്തുന്നു. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടയുകയാണ്. കിഫ്ബി, ക്ഷേമപെന്ഷനുവേണ്ടിയുള്ള കമ്പനി പോലുള്ള ഏജന്‍സികള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കുകയാണ്. ദുരന്തങ്ങള്‍ ഒന്നിച്ചുനിന്ന് നേരിടേണ്ട ഘട്ടത്തിലും ചിലര്‍ മാറിനിന്നു. സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചു.
നാടിന്റെ വികസനത്തിനായുള്ള ഈ യാത്രയോടും തെറ്റായസമീപനമാണ്. നാടിന്റെ പുരോഗതിക്കായുള്ള പരിപാടിയാണിത്. ഓരോ സദസ്സിലും എത്തുന്ന പതിനായിരങ്ങള്‍ കേരളത്തിന്റെ ആകെ ഭാഗമാണ്. ഭേദചിന്തയില്ലാതെ നാട് ഒന്നിക്കുകയാണ്. നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള ചിലരുടെ തീരുമാനത്തെ ജനങ്ങള്‍ തള്ളിക്കളയുകയാണ്. ജനവികാരം മനസ്സിലാക്കി അവരെല്ലാം നാടിന്റെ നന്മക്കായി ഒന്നായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്, കെ.എന്‍. ബാലഗോപാല്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജീവ്, റോഷി അഗസ്റ്റിന്, പി.എ. മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, ജി.ആര്. അനില്‍, എം.ബി. രാജേഷ്, ആര്. ബിന്ദു, വി. അബ്ദുറഹ്മാന്, കെ. രാധാകൃഷ്ണന്, വി.എന്‍. വാസവന്, കെ. കൃഷ്ണന്‍കുട്ടി, സജി ചെറിയാന്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കലക്ടര്‍ എന്‍. ദേവിദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.