തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും നാർകോട്ടിക് ജിഹാദ് എന്ന പദം നമ്മൾ ആദ്യമായി കേൾക്കുകയാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
''ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. 'നാർകോട്ടിക് ജിഹാദ്' എന്ന പദം നമ്മൾ ആദ്യമായി കേൾക്കുകയാണ്. നേരത്തെ കേട്ടിരുന്നില്ല. നാർകോട്ടിക്കിന്‍റെ പ്രശ്നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ല. സമൂഹത്തെ ബാധിക്കുന്നതാണ്. ആ നിലക്ക് നാമെല്ലാവരും നമ്മൾ ഉത്കണ്ഠാകുലരാണ്. കഴിയുന്ന നിലയിൽ അതിനെ നേരിടുന്നുണ്ട്. അതിനെതിരെ നിയമനടപടികൾ ശക്തിപ്പെടുത്തുന്നുണ്ട്. നാർകോട്ടിക്കിന് മതത്തിന്‍റെ നിറം നൽകരുത്. അതിനുള്ളത് സാമൂഹ്യവിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അദ്ദേഹം ഇങ്ങനെ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ല''. -മുഖ്യമന്ത്രി പറഞ്ഞു.
മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കുന്ന യാതൊന്നും സാമുദായിക-ആത്മീയ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് വി.ഡി സതീശൻ പറഞ്ഞു. ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും അക്ഷന്തവ്യമായ തെറ്റാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.