എറണാകുളം: അമിത് ഷായുടെ വാക്കും കേട്ട് ഇറങ്ങി തിരിച്ചാൽ സംഘ്പരിവാർ ഫലം അനുഭവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയെ കലാപ കേന്ദ്രമാക്കിക്കളയാം എന്ന് ആരും വ്യാമോഹിക്കണ്ട. വിശ്വാസികളുടെ ഒപ്പം തങ്ങളുണ്ട്. ക്രിമിനലുകൾക്കെതിരാണ് സർക്കാർ. നവോത്ഥാന നേതാക്കളുടെ മണ്ണാണ് ഇത്. ഈ മണ്ണിലേക്ക് കുറേ അകലമുള്ള ആശയങ്ങളുമായി വന്നാൽ അതിനു നവോത്ഥാനത്തിന്റെ പിൻമുറക്കാരായ ആളുകൾ സമ്മതിക്കില്ല.സന്നിധാനം ഏതെങ്കിലും കൂട്ടർക്ക് തങ്ങാനുള്ള ഇടമാകില്ല. നിയമ വാഴ്ച അലങ്കോല പ്പെടുത്താനോ സമാധാനം തകർക്കാനോ വിശ്വാസിളുടെ വിശ്വാസം തകർക്കാനോ ആരെങ്കിലും ശ്രമിച്ചാൽ സർക്കാർ അതിനു അനുവദിക്കില്ല.
കോടതിയുടെ ഭാഗത്ത് നിന്ന് നിരോധന വിധി വന്ന ശേഷവും സ്ത്രീകൾ അവിടെ പ്രവേശിച്ചിരുന്നു. ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. ചിലരുടെ ഒത്താശയോടെയാണ് ഇത് നടന്നത്.സുപ്രീം കോടതിയിൽ പോയത് ആർ.എസ്.എസ് ബന്ധമുള്ള സ്ത്രീകളാണ്. ദിവസം തോറും വാക്ക് മാറുന്നവരല്ല തങ്ങൾ. അക്രമത്തിലൂടെ വിധിയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. അക്രമികൾക്കും ക്രിമിനലുകൾക്കും എതിരെയാണ് സർക്കാർ കേസ് എടുക്കുന്നത്. മാധ്യമ പ്രവർത്തകരോട് മൂർച്ചയുള്ള ആയുധം വെച്ച് ചിലത് ലൈവിൽ പറയാൻ ആവശ്യപ്പെട്ടു. കേസ് എടുക്കാതെ സർക്കാർ എന്ന് പറഞ്ഞ് നടക്കുന്നതിലെന്താ അർത്ഥം. നിലക്കൽ ശബരിമലയുടെ ബേസ് ക്യാമ്പാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കും.
എല്ലാ വിഭാഗത്തിനും ശബരിമലയിൽ ചെല്ലാൻ അവകാശമുണ്ടെന്ന ശക്തമായ നിരീക്ഷണമാണ് ഇന്ന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. അയ്യപ്പദർശനം ആഗ്രഹിക്കുന്ന ആർക്കും ശബരിമലയിൽ ചെല്ലാം. തങ്ങൾ അവിശ്വാസിയോ വിശ്വാസിയോ എന്നല്ല പ്രശ്നം. ശബരിമലയിൽ എത്തുന്ന പണം ദേവസ്വം ആവശ്യത്തിനാണ് ചില്ലഴിക്കുന്നത്. സർക്കാർ എന്ന നിലയിലാണ് കാര്യങ്ങൾ കാണുന്നത്. സർക്കാരിന്റെ ഏതെങ്കിലും ആവശ്യത്തിനായി ഒരു ചില്ലിക്കാശ് ഉപയോഗിക്കുന്നില്ല. ശബരിമലയിൽ ശാന്തിയും സമാധാനവും നിലനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സമര നായകരിൽ ഒരാൾ ശബരിമല അടച്ചു പൂട്ടിക്കുന്നതിന്റെ പ്ലാൻ പറയുന്നത് കേട്ടു. രക്തമൊഴുക്കാൻ അദ്ദേഹം എന്തായാലും തീരുമാനിച്ചിട്ടുണ്ടാവില്ല. മൂത്രമൊഴിക്കാനായിരിക്കും തീരുമാനിച്ചിട്ടുണ്ടാകുക.
അത് കൊണ്ടാണ് അമിത് ഷായുടെ പ്രസ്താവന എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി തിരുത്തിയത്. ഇത് മത നിരപേക്ഷതയുടെ പ്രശ്നമാണ്. ബി.ജെ.പിക്ക് ഒരു സീറ്റ് കിട്ടിയത് കോൺഗ്രസ് കാരണമാണ്. ജനലക്ഷങ്ങൾ അധികാരത്തിലേറ്റിയ ഒരു സർക്കാരാണ് ഇന്നുള്ളത്. കോൺഗ്രസിന്റെ പാപ്പരത്തമാണ് ഇവിടെ കാണേണ്ടത്. ചെന്നിത്തലക്ക് കോൺഗ്രസ് നിലപാട് ഉയർത്തിപ്പിടിക്കാനാകുന്നില്ല. കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ മനസ്സ് പൂർണമായും ബി.ജെ.പിക്ക് ഒപ്പമാണെന്നും പിണറായി വ്യക്തമാക്കി. ചില കോൺഗ്രസ് നേതാക്കൾ ബി.ജെ.പി ഇടത്താവളമായി കാണുന്നു. സമൂഹത്തെ പിറകോട്ടടിക്കാനാണ് ഭാവമെങ്കിൽ അതൊന്നും ഇവിടെ നടക്കില്ല.കേരളത്തിന് കേരളത്തിന്റേതായ പ്രത്യേകതയുണ്ട്, അത് സംരക്ഷിക്കാൻ നാം തയ്യാറാവണം. മതനിരപേക്ഷതയുടെ സംരക്ഷണത്തിന്റെ പ്രശ്നമാണിത്. സുപ്രീംകോടതി നാളെ മറ്റൊരു തീരുമാനം എടുത്താൽ ഞങ്ങൾ നടപ്പാക്കുന്നത് കോടതി വിധിയായിരിക്കും. അതിന് വേണ്ടി മത നിരപേക്ഷതയിൽ വിശ്വസിക്കുന്നവരെല്ലാം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.